യുവതിയെ ഇവര്‍ ശല്യം ചെയ്യുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പാകിസ്ഥാന്‍ സ്വദേശികള്‍ പിടിയിലായത്.
റിയാദ്: സൗദി അറേബ്യയിൽ പാകിസ്ഥാനി യുവതിയെ പിന്തുടർന്ന് ശല്യം ചെയ്ത രണ്ടു പേരെ റിയാദ് സെക്യൂരിറ്റി പെട്രോൾ വിഭാഗം പിടികൂടി. പ്രതികളും പാകിസ്ഥാനികളാണ്. യുവതിക്കെതിരെ പ്രതികൾ അതിക്രമം നടത്തുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഈ ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. പ്രതികളെ കസ്റ്റഡിയിലെടുത്തതെന്നും ഇരുവരെയും അറസ്റ്റ് ചെയ്തതായും അവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പബ്ലിക് സെക്യൂരിറ്റി അറിയിച്ചു. സംഭവത്തിെൻറ വീഡിയോ ചിത്രീകരിച്ച് പ്രസിദ്ധീകരിച്ച വ്യക്തിയെ സൈബർ കുറ്റകൃത്യ വിരുദ്ധ നിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
