റിയാദ്​: സൗദിയില്‍ ഇൻഷുറന്‍സ് കമ്പനികളുടെ അപ്രൂവല്‍ ലഭിക്കുന്നത് വരെ പണമടക്കാന്‍ രോഗികളെ നിര്‍ബന്ധിക്കുന്നത് നിയമവിരുദ്ധമെന്ന്​ അധികൃതർ. അടിയന്തിര ഘട്ടങ്ങളില്‍ അപ്രൂവലിനായി കാത്തിരുന്ന് ചികിത്സ വൈകിപ്പിക്കാനും പാടില്ല. കോ-ഓപറേറ്റീവ് ഹെല്‍ത്ത് ഇൻഷുറന്‍സ് കൗണ്‍സില്‍ അറിയിച്ചതാണിക്കാര്യം.

ഇൻഷുറന്‍സ് കമ്പനികളില്‍ നിന്ന് അപ്രൂവല്‍ ലഭിക്കുന്നത് വരെ ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ ചില ചികിത്സാ കേന്ദ്രങ്ങള്‍ രോഗികളെ നിര്‍ബന്ധിക്കാറുണ്ട്. ഇത് നിയമവിരുദ്ധമാണ്. പോളിസി പ്രകാരമുള്ള ആനുപാതിക വിഹിതമല്ലാത്തതൊന്നും ഇൻഷുറന്‍സ് പരിരക്ഷയുള്ളവര്‍ അടക്കേണ്ടതില്ല. ഒ.പി വിഭാഗത്തില്‍ ഒറ്റതവണ ചികിത്സിക്കുന്നതിനോ കിടത്തി ചികിത്സിക്കുന്നതിനോ ശസ്ത്രക്രിയക്കോ 500 റിയാലില്‍ കൂടുതല്‍ ചെലവ് വരുന്ന സാഹചര്യത്തില്‍ മാത്രമേ ഇൻഷുറന്‍സ് കമ്പനിയില്‍ നിന്നുള്ള അപ്രൂവലിനായി കാത്തിരിക്കേണ്ടതുള്ളൂ. അതാവട്ടെ അടിയന്തിര ഘട്ടങ്ങളിലാണെങ്കില്‍ അപ്രൂവലിന് കാത്തിരിക്കാതെ തന്നെ ചികിത്സ നല്‍കാന്‍ ചികിത്സാകേന്ദ്രങ്ങള്‍ക്ക് ബാധ്യതയുണ്ട്. അപ്രൂവലിന് അയച്ച് മറുപടി ലഭിക്കാന്‍ ഒരു മണിക്കൂറിലധികം വൈകിയാല്‍, അത് അപ്രൂവ് ചെയ്തതായി പരിഗണിക്കപ്പെടും.