റിയാദ്​: കൊറോണ വൈറസ്​ വ്യാപനമുണ്ടായ ചൈനയിലെ വുഹാൻ മേഖലയിൽ നിന്ന്​ മാറ്റി താമസിപ്പിച്ച 10 സൗദി വിദ്യാർഥികളെ രാജ്യത്തേക്ക്​ തിരികെ കൊണ്ടുവന്നതായി ആരോഗ്യ വകുപ്പ്​ വ്യക്​തമാക്കി. ഞായറാഴ്​ച രാവിലെ റിയാദിലാണ്​ വിദ്യാർഥികൾ വിമാനമിറങ്ങിയത്​. സൗദി ഗവൺമെന്റിന്റെ ചെലവിൽ പ്രത്യേക വിമാനത്തിലാണ്​ ഇവരെ കൊണ്ടുവന്നത്​.

വിദേശകാര്യ മന്ത്രാലയവും ചൈനയിലെ സൗദി എംബസിയുമാണ്​ ചൈനീസ്​ അധികൃതരുമായി ​ചേർന്ന്​ യാത്രനടപടികൾ പൂർത്തിയാക്കിയത്​. വിദഗ്​ധരായ മെഡിക്കൽ സംഘത്തോടൊപ്പം പുർണസജ്ജവും അനുയോജ്യവുമായ താമസ കേന്ദ്രങ്ങളിലാണ്​ വിദ്യാർഥികൾക്ക്​ താമസ സൗകര്യമൊരുക്കിയിരിക്കുന്നത്​. രോഗമുക്​തരാണെന്ന്​ ഉറപ്പുവരുത്താൻ വേണ്ട പരിശോധന നടത്തുമെന്നും രണ്ടാഴ്​ചകാലം ഇവരെ നിരീക്ഷിക്കുമെന്നും​ സൗദി ആരോഗ്യ മന്ത്രാലയം വ്യക്​തമാക്കി.

പുതിയ കൊറോണ വൈറസിന്റെ പകർച്ച പൂർണമായും തടയുന്നതിന്റെ ഭാഗമായുള്ള മുൻകരുതൽ നടപടികളാണിത്​. ഇതുവരെ സൗദിയിൽ കൊറോണ വൈറസ്​ റിപ്പോർട്ട്​ ചെയ്​തിട്ടി​ല്ലെന്ന്​ സൗദി ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു വ്യക്​തമാക്കി. ചൈനയിൽ നിന്ന്​ നേരിട്ടും അല്ലാതെയും വരുന്നവരിൽ നിന്ന്​ രോഗപകർച്ച തടയാനുള്ള മുൻകരുതൽ നടപടികൾ സൗദി ആരോഗ്യ മന്ത്രാലയത്തിന്​ കീഴിൽ തുടരുകയാണ്.

ജനുവരി 20 മുതൽ ഫെബ്രുവരി രണ്ട്​ വരെ 62 സാമ്പിളുകൾ പരിശോധനക്ക്​ വിധേയമാക്കി. എല്ലാ സാമ്പിളുകളുടെയും ഫലം​ നെഗറ്റീവാണ്​. ​ചൈനയിൽ നിന്ന്​ നേരിട്ടുള്ള വിമാനത്തിലെത്തിയ 3,152 യാത്രക്കാരെയും നേരിട്ടല്ലാത്ത സർവീസുകളിലെത്തിയ 868 യാത്രക്കാരെയും പരിശോധനക്ക്​ വിധേയമാക്കിയിട്ടുണ്ട്​. ഇതിനായി കര, കടൽ, വ്യോമ മാർഗമെത്തുന്ന യാത്രക്കാരെ അതത്​ പ്രവേശന കവാടങ്ങളിൽ കർശന നിരീക്ഷണത്തിനും പരിശോധനക്കും വിധേയമാക്കി വരികയാണ്​. ഇതിനായി മെഡിക്കൽ സംഘങ്ങളെ മുഴുവൻ സമയവും നിയോഗിച്ചിട്ടുണ്ട്​. അത്യാധുനിക സംവിധാനങ്ങളുള്ള ലാബുകളും സജ്ജീകരിച്ചിട്ടുണ്ട്​​.

പകർച്ചവ്യാധി വ്യാപനം തടയുന്നതിന്​ സൗദി അറേബ്യക്ക്​ വലിയ പരിചയസമ്പത്തും അതിനാവശ്യമായ സംവിധാനങ്ങളുമുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്​തമാക്കി. അതേസമയം ചൈനയിലെ ജുവാൻസോ പട്ടണത്തിലേക്ക്​ ജിദ്ദ, റിയാദ്​ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ ഞായറാഴ്​ച വൈകുന്നേരം മുതൽ നിർത്തിവെച്ചതായി സൗദി എയർലൈൻസ്​ വ്യക്​തമാക്കി. ടിക്കറ്റ്​ എടുത്തവർക്ക്​ ഒരു റിയാൽ പോലും കുറയാതെ റീഫണ്ട്​ ചെയ്യാൻ സാധിക്കുമെന്ന്​ ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറഞ്ഞു.