റിയാദ്: സൗദി അറേബ്യയില്‍ കാലില്‍ ചുംബിക്കാനാവശ്യപ്പെട്ട് ബാലനെ ക്രൂരമായി മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പ്രോസിക്യൂഷന്‍, കേസ് പ്രത്യേക കോടതിക്ക് കൈമാറി.

അറബ് പൗരനാണ് മൂന്ന് വയസുകാരനെ ക്രൂരമായി മര്‍ദിച്ചത്. തന്റെ കാലില്‍ ചുംബിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. ഇയാള്‍ തന്നെ മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളും പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. തുടര്‍ന്ന് കുട്ടിയുടെ അച്ഛനാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരാതി നല്‍കിയത്. പ്രതിയെ പബ്ലിക് പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തശേഷമാണ് കോടതിയില്‍ കുറ്റം സമര്‍പ്പിച്ചത്. പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.