കുവൈത്ത് സിറ്റി: സൗദി പൗരന്​ കൊറോണ ബാധിച്ചതായി കുവൈത്തിൽ സ്ഥിരീകരണം. ഇറാനിൽ നിന്നെത്തിയ മൂന്നുപേർക്കാണ്​ കുവൈത്തിൽ വൈറസ്​ ബാധ കണ്ടെത്തിയത്​. അതിലൊരാൾ സൗദി പൗരനാണ്​. ഇദ്ദേഹത്തെ കുവൈത്തിൽ തന്നെ ചികിത്സിപ്പിക്കുമെന്നും അസുഖം ഭേദമായ ശേഷമേ സൗദിയിലേക്ക്​ കൊണ്ടുവരൂ എന്ന്​ സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രോഗം സുഖപ്പെടുന്നതുവരെ അവിടെ തന്നെ കഴിയും. ഇറാനില്‍ നിന്നെത്തിയ തങ്ങളുടെ പൗരനാണ് കുവൈത്തില്‍ വെച്ച് കൊറോണ സ്ഥിരീകരിച്ചതെന്നും എന്നാൽ പൂര്‍ണമായും ഭേദമാകും വരെ അയാളെ അവിടെ തന്നെ ചികിത്സിപ്പിക്കുമെന്നും ഭേദമായ ശേഷമേ ഇങ്ങോട്ട്​ കൊണ്ടുവരൂ എന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ഇറാനിൽ നിന്നാണ്​ ഇയാൾ കുവൈത്തിലെത്തിയത്​. ചികിത്സയുമായി ബന്ധപ്പെട്ട്​​ കുവൈത്ത്​ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെടുന്നുണ്ട്​. ​

ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയാണ്​. അതിന്റെ ഭാഗമായാണ്​ കുവൈത്തിലെ മന്ത്രാലയവുമായി ബന്ധപ്പെടുന്നതും രോഗിയെ അവിടെ തന്നെ ചികിത്സിപ്പിക്കാൻ ഏർപ്പാടുണ്ടാക്കുന്നതെന്നും അധികൃതർ പറഞ്ഞു. ഇറാനിൽ നിന്നെത്തിയവരെ പരിശോധനക്ക്​ വിധേയമാക്കിയപ്പോൾ മൂന്ന്​ പേർക്ക്​ ​കൊറോണ രോഗമുള്ളതായും ഇതിലൊരാൾ സൗദി പൗരനാണെന്നും കുവൈത്ത്​ ആരോഗ്യ മന്ത്രാലയം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അതേസമയം ബഹ്​റൈനിലും കുവൈത്തിലും സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സൗദിയിൽ കൊറോണ വൈറസ്​ ബാധ ​സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം ആവർത്തിച്ച്​ വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം അറിയിച്ചു.