ദമാം: എയ്‌ഡ്‌സ്‌ രോഗം സ്ഥിരീകരിച്ചാൽ വിദേശികളെ സൗദിയിൽ നിന്ന് നാടുകടത്താന്‍ തീരുമാനം. വിദേശ തൊഴിലാളിക്ക് എയ്‌ഡ്‌സ്‌ രോഗബാധ സ്ഥിരീകരിച്ചാൽ അവരെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ ആരോഗ്യ ഡയറക്‌ട്റേറ്റിനെ അറിയിച്ച ശേഷമാകും നാടുകടത്തുകയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എയ്‌ഡ്‌സ്‌ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ നാഷണൽ എയ്‌ഡ്‌സ്‌ പ്രോഗ്രാമുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളിലെ പരിഷ്‌ക്കാരത്തിനാണ് ആരോഗ്യം മന്ത്രാലയം അംഗീകാരം നൽകിയത്. 

തൊഴിൽ, താമസ വിസകളിൽ സൗദിയിൽ എത്തുന്ന വിദേശികൾ അവരുടെ രാജ്യത്തുനിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാൽ ഹജ്ജ്, ഉംറ വിസകളിൽ വരുന്നവർക്കും ഔദ്യോഗിക പരിപാടികൾക്കായി എത്തുന്നവർക്കും ഈ നിബന്ധന ബാധകമല്ല. വിദേശ തൊഴിലാളി സൗദിയിൽ എത്തിയാൽ ഒരു മാസത്തിനകം വൈറസ് പരിശോധന നടത്തണം.

രക്ത പരിശോധനയിൽ എയ്‌ഡ്‌സ്‌ രോഗബാധയുള്ളതായി സംശയമുണ്ടായാൽ സാമ്പിൾ രഹസ്യമായി അംഗീകൃത ലാബിലേക്ക് അയക്കണം. രോഗം സ്ഥിരീകരിച്ചാൽ 24 മണിക്കൂറിനകം നാഷണൽ എയ്‌ഡ്‌സ്‌ സമിതിയെ അറിയിക്കണമെന്നാണ് വ്യവസ്ഥ. രോഗബാധിതരെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ പാടില്ലെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്.  രോഗം മനഃപൂർവ്വം മറ്റുള്ളവരിലേക്ക് പടരാൻ ഇടയാക്കിയാൽ അവരെ ജോലിയിൽ നിന്ന് പിരിച്ചു വിടാനും നിയമനടപടി സ്വീകരിക്കാനും തൊഴിലുടമയ്ക്കു അവകാശമുണ്ടെന്നും വ്യവസ്ഥയുണ്ട്.