Asianet News MalayalamAsianet News Malayalam

സൗദിയില്‍ പള്ളികളിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

ഫജ്ര്‍ നമസ്‌കാരത്തിന് 25 മിനുട്ട്, മഗ്രിബ് നമസ്‌കാരത്തിന് 10 മിനുട്ട്, മറ്റു നമസ്‌കാരങ്ങളില്‍ 20 മിനുട്ട് എന്നിങ്ങനെയാണ് ഇനി മുതല്‍ സമയം പാലിക്കേണ്ടത്. പള്ളികളില്‍ ഖുര്‍ആന്‍ പാരായണത്തിനായി വിശ്വാസികള്‍ക്ക് ലഭ്യമാക്കും.

saudi eases restrictions in mosques
Author
Riyadh Saudi Arabia, First Published Jun 21, 2021, 6:38 PM IST

റിയാദ്: സൗദി അറേബ്യയില്‍ പള്ളികളിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതായി ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. നമസ്‌കരിക്കാന്‍ നില്‍ക്കുന്ന രണ്ട് വരികള്‍ക്കിടയില്‍ ഒരു വരി ശൂന്യമാക്കി ഇടുന്നത് അവസാനിപ്പിക്കാം. ഓരോ നിര്‍ബന്ധിത നമസ്‌കാര സമയങ്ങളിലെയും ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയം കൊവിഡിന് മുമ്പുണ്ടായ സ്ഥിതിയിലേത് പോലെ ദീര്‍ഘിപ്പിച്ചു.

ഫജ്ര്‍ നമസ്‌കാരത്തിന് 25 മിനുട്ട്, മഗ്രിബ് നമസ്‌കാരത്തിന് 10 മിനുട്ട്, മറ്റു നമസ്‌കാരങ്ങളില്‍ 20 മിനുട്ട് എന്നിങ്ങനെയാണ് ഇനി മുതല്‍ സമയം പാലിക്കേണ്ടത്. പള്ളികളില്‍ ഖുര്‍ആന്‍ പാരായണത്തിനായി വിശ്വാസികള്‍ക്ക് ലഭ്യമാക്കും. പള്ളികളില്‍ ഇസ്ലാമിക പ്രഭാഷണങ്ങള്‍ നടത്താന്‍ അനുവദിക്കും. എന്നാല്‍ ഇത് കൃത്യമായ സമൂഹ അകലവും നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാവണം. പള്ളിക്കകത്ത് വാട്ടര്‍ കൂളറുകളും റഫ്രിജറേറ്ററുകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. എന്നാല്‍ വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനയ്ക്കായി പള്ളികള്‍ ബാങ്കിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമേ തുറക്കാവൂ. ജുമുഅ നമസ്‌കാരം കഴിഞ്ഞു 30 മിനുട്ടിന് ശേഷം പള്ളി അടക്കുകയും വേണം.

ജുമുഅ പ്രഭാഷണം 15 മിനുട്ടില്‍ കൂടാന്‍ പാടില്ല. മാസ്‌ക് ധരിക്കുക, അംഗസ്‌നാനം (വുദു) വീട്ടില്‍ നിന്ന് തന്നെ ചെയ്തുവരിക, പള്ളിയില്‍ വരുമ്പോള്‍ നമസ്‌കാര വിരി (മുസല്ല) കൊണ്ടുവരിക, പള്ളിയില്‍ പ്രവേശിക്കുമ്പോഴും പുറത്തു പോകുമ്പോഴും തിരക്ക് ഉണ്ടാക്കാതിരിക്കുക, പള്ളിക്കകത്ത് ഒന്നര മീറ്റര്‍ അകലം പാലിക്കുക, പള്ളിയില്‍ പ്രവേശിക്കാന്‍ എല്ലാ വശത്തുനിന്നും വഴികള്‍ തുറന്നിടുക തുടങ്ങിയ എല്ലാ പ്രതിരോധ നടപടികളും അതേപടി തുടരും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios