റിയാദ്: സൗദി തൊഴിൽ വിസയുള്ള, വിദേശ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് സൗദി ജവാസത്തിന്റെ (പാസ്പോർട്ട് വിഭാഗം) അബ്ഷീർ ഓൺലൈൻ പോർട്ടൽ വഴി ഇഖാമ പുതുക്കാനും റീ എൻട്രിയുടെ കാലാവധി നീട്ടാനും സാധിക്കും. ജവാസത്ത് സാങ്കേതിക വിഭാഗം ഉപ മേധാവി ജനറൽ ഖാലിദ് അൽസൈഹാൻ അറിയിച്ചതാണ് ഇക്കാര്യം. 

അബ്ഷിർ പോർട്ടലിൽ പുതുതായി ഉൾപ്പെടുത്തിയ 12 സർവിസുകളിൽ രണ്ടെണ്ണം ഇതിനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ജവാസത്ത് ഓഫീസിൽ നേരിട്ട് ഹാജരാവാതെ തന്നെ സ്വദേശികൾക്കും വിദേശികൾക്കും പാസ്പോർട്ട് സേവനങ്ങൾ അബ്ഷിർ വഴി നേടാനാവും. അവധിക്ക് നാടുകളിൽ പോയി അവിടെ താമസിക്കുന്നവര്‍ക്ക് അവിടെ കഴിഞ്ഞുകൊണ്ട് തന്നെ ഇഖാമ പുതുക്കാനും റീഎൻട്രി വിസ കാലാവധി ദീർഘിപ്പിക്കാനും കഴിയുന്നത് ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട സർവിസുകളാണെന്ന് അദ്ദേഹം വ്യക്തമാക്കി.