റിയാദ്: കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതോടെ സൗദിയില്‍ വീടുകളിലും തിരക്കേറിയ സ്ഥലങ്ങളിലും കൊവിഡ് പരിശോധന വ്യാപകമാക്കി. ഇരുപത്തിനാല് മണിക്കൂറിനിടെ 762 പേര്‍ക്കാണ് സൗദിയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 7,142 ആയി. വെള്ളിയാഴ്ച സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ കൂടുതലും ഫീല്‍ഡ് പരിശോധനയിലൂടെയാണ് കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി പറഞ്ഞു.  

രോഗവ്യാപന സാധ്യത കൂടിയ വീടുകളിലും തിരക്കേറിയ സ്ഥലങ്ങളിലും മെഡിക്കല്‍ സംഘം പരിശോധന നടത്തി വരികയാണ്. രോഗലക്ഷണങ്ങള്‍ സംശയിക്കുന്നവരെ കണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ഇത്തരത്തില്‍ ഫീല്‍ഡ് പരിശോധനകള്‍ നടത്തുന്നത്. രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് മുന്‍കൂട്ടി പരിശോധനകള്‍ നടത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.

വെള്ളിയാഴ്ച മക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട ചെയ്തത്. 24 മണിക്കൂറിനിടെ 325 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ മരിച്ച നാലുപേരും വിദേശികളാണ്. ജിദ്ദയില്‍ രണ്ടുപേരും മക്കയിലും തബൂക്കിലും ഓരോരുത്തരുമാണ് മരിച്ചത്.