റിയാദ്: സൗദിയില്‍ വീണ്ടും സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഹൂതി വിമതരുടെ ശ്രമം. ജിസാന്‍ കിങ് അബ്ദുല്ല ബിന്‍ അബദുല്‍ അസീസ് എയര്‍പോര്‍ട്ടിന് നേരെയുണ്ടായ ആക്രമണശ്രമം റോയല്‍ സൗദി എയര്‍ ഡിഫന്‍സ് ഫോഴ്സസ് തകര്‍ത്തു.

കഴിഞ്ഞദിവസം പുലര്‍ച്ചെ 7.14ഓടെയാണ് ആക്രമണശ്രമം റോയല്‍ സൗദി എയര്‍ ഡിഫന്‍സ് ഫോഴ്സസ് തകര്‍ത്തതെന്ന് സൗദി സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. യാതൊരു മുന്നറിയിപ്പുമില്ലാതെ എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചുകൊണ്ടായിരുന്നു ജനവാസ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടുണ്ടായ ആക്രമണം. ഹൂതികളുടെ ഇത്തരം നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സൗദി സഖ്യസേനാ വക്താവ് മുന്നറിയിപ്പ് നല്‍കി.