റിയാദ്​: പ്രമുഖ ആഗോള മരുന്നു നിർമാണ കമ്പനിയായ ഫൈസർ വികസിപ്പിച്ച ‘ഫൈസർ ബയോ എന്‍ടെക് വാക്സിൻ’ എന്ന പ്രതിരോധ മരുന്ന് സൗദി  അറേബ്യയിൽ വിതരണം ചെയ്യാൻ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അനുമതി നൽകി. ആരോഗ്യവകുപ്പിന് ഇതോടെ രാജ്യത്ത് വാക്സിൻ ഇറക്കുമതി ചെയ്യാനും ഉപയോഗിക്കാനും സാധിക്കുമെന്ന് അതോറിറ്റി അറിയിച്ചു. 

നവംബർ 24നാണ്​ ഫൈസർ കമ്പനി അപേക്ഷ നൽകിയത്​. ഉടൻ തന്നെ അതിന്മേൽ അതോറിറ്റി വിദഗ്ധ പരിശോധന ആരംഭിക്കുകയായിരുന്നു. വിശദമായ പഠനത്തിനും വിലയിരുത്തലിനും ക്ലിനിക്കൽ പരീക്ഷണത്തിനും ശേഷമാണ് അനുമതി നൽകിയിരിക്കുന്നത്​. ആരോഗ്യ  വകുപ്പിന്റെ നിർദേശാനുസരണം എല്ലാ മാനദണ്ഡങ്ങളും പാലിച്ച്​ ആവശ്യങ്ങൾക്ക് അനുസരിച്ച്​ ഇറക്കുമതി നടപടികൾ ആരംഭിക്കും. 

ഇറക്കുമതി ചെയ്യുമ്പോഴെല്ലാം സാമ്പിളുകൾ പരിശോധിച്ച് വാക്സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും. രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ മുഴുവനാളുകൾക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് നേരത്തെ തന്നെ സൗദി അധികൃതർ അറിയിച്ചിരുന്നു. വാക്സിൻ രാജ്യത്ത് എത്തുന്ന തീയതിയും അത് നൽകുന്ന രീതിയും പിന്നീട് സൗദി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കും.