റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യ ജീവനക്കാരുടെ അനന്തരാവകാശികൾക്ക് അഞ്ച് ലക്ഷം റിയാൽ വീതം (ഒരു കോടിയോളം ഇന്ത്യന്‍ രൂപ) സഹായം നൽകാൻ സൗദി മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവൺമെൻറ്, സ്വകാര്യ ആരോഗ്യ മേഖലയിലെ സ്വദേശികളും വിദേശികളുമായ മുഴുവൻ ജോലിക്കാരുടെയും കുടുംബങ്ങൾക്ക് ആനുകൂല്യം നൽകാൻ ചൊവ്വാഴ്ച രാത്രി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. 

കൊവിഡ് മൂലം മരിച്ച സൈനികരും സ്വദേശികളും വിദേശികളുമടക്കം ഈ തീരുമാനത്തിന്റെ പരിധിയിൽ വരും. സൗദിയിൽ കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത ഈ വർഷം മാർച്ച് രണ്ടിന് ശേഷം രോഗം ബാധിച്ച് മരിച്ചവരുടെ പേരിലാണ് സഹായം നൽകുക.