ദമ്മാം: ഒൻപതു വിഭാഗങ്ങളിൽപ്പെട്ടവർ ഉംറ തീർത്ഥാടനം നീട്ടിവെക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനം തടയാനും ആരോഗ്യ സുരക്ഷയും മുൻനിർത്തിയാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം.

തീർത്ഥാടകരുടെ സുരക്ഷയും ആരോഗ്യ സംരക്ഷണവും ലക്ഷ്യമാക്കിയാണ് ഒൻപതു വിഭാഗത്തിൽപ്പെട്ട ആളുകൾ ഉംറ നിർവ്വഹിക്കുന്നതും ഹറം സന്ദർശനവും നീട്ടിവെക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടത്. ആറു മാസത്തിനിടെ ആശുപതിയിൽ കിടന്ന് ചികിൽസിച്ച അനിയന്ത്രിതമായ പ്രമേഹമുള്ളവർ, രക്തസമ്മർദ്ദ രോഗികൾ, ലിവർ സിറോസിസ് ബാധിച്ചവർ, ഹൃദയപേശികൾക്ക് തകരാറുള്ളവർ, രോഗ പ്രതിരോധ ശേഷി കുറഞ്ഞവർ, ഗർഭിണികൾ തുടങ്ങിയ വിഭാഗത്തിൽപ്പെട്ടവർ ഉംറ തീർത്ഥാടനവും ഹറം സന്ദർശനവും നീട്ടിവെക്കണമെന്നാണ് മന്ത്രാലയം നിർദ്ദേശിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഉംറ തീർത്ഥാടനം ഈ മാസം നാലിനാണ് പുനഃരാരംഭിച്ചത്. 
നിലവിൽ ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമാണ് ഉംറ നിർവ്വഹിക്കാൻ അനുമതി. എന്നാൽ നവംബർ ഒന്നുമുതൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരെയും സ്വീകരിച്ചുതുടങ്ങുമെന്നാണ് റിപ്പോർട്ട്. അതേസമയം ഉംറ നിർവ്വഹിക്കാനായി ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ മൊബൈൽ ആപ്പിലൂടെ  അനുമതി ലഭിച്ചവർ നിശ്ചിത സമയത്തിന് മുൻപേ അതിർത്തിയിലെത്തിയാൽ തിരിച്ചുവിടുമെന്ന് മക്ക റോഡ് സുരക്ഷാ വിഭാഗം മേധാവി അറിയിച്ചു.