റിയാദ്: സൗദിയിലെ അബഹ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ തരനാരിഴയ്ക്ക് രക്ഷപെട്ട ആശ്വാസത്തിനാണ് മലപ്പുറം പാണ്ടിക്കാട് ഇടയാറ്റൂർ സ്വദേശി സൈതാലി. മകനെ യാത്രയയക്കാന്‍ വിമാനത്താവളത്തിലെത്തിയ സെയ്താലിയുടെ തൊട്ടടുത്ത് വെച്ചാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ വിമാനം പൊട്ടിത്തെറിച്ചത്. ഹൂതികളുടെ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു സിറിയന്‍ പൗരന്‍ കൊല്ലപ്പെട്ടിരുന്നു. സെയ്താലി ഉള്‍പ്പെടെ 21 പേര്‍ക്കാണ് പരിക്കേറ്റത്.

10 വര്‍ഷമായി സൗദി അറേബ്യയിലെ അബഹയില്‍ ജോലി ചെയ്യുന്ന സെയ്താലി രണ്ട് മാസം മുന്‍പാണ് സന്ദര്‍ശക വിസയില്‍ ഭാര്യയെയും മൂന്ന് മക്കളെയും സൗദിയിലേക്ക് കൊണ്ടുവന്നത്. സ്കൂള്‍ തുറന്നതിനാല്‍ മൂത്ത മകന്‍ അമന്‍ മുഹമ്മദിനെ (11) നാട്ടിലേക്ക് അയക്കാനായിരുന്നു സെയ്താലിയും ഭാര്യയും മക്കളും വിമാനത്താവളത്തിലെത്തിയത്. രാത്രി 9.20നുള്ള അബഹ-ജിദ്ദ-കോഴിക്കോട് സൗദി എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു അമന്‍ മുഹമ്മദിന് പോകേണ്ടിയിരുന്നത്. 

മകന് ബോര്‍ഡിങ് പാസ് ലഭിച്ചതിന് ശേഷം ഭാര്യക്കും രണ്ട് മക്കള്‍ക്കുമൊപ്പം പുറത്തിറങ്ങിയപ്പോഴാണ് ഡ്രോണ്‍ പറന്നുവരുന്നത് ശ്രദ്ധയില്‍പെട്ടത്. നിലത്ത് നിന്ന് വെറും 15 മീറ്ററോളം ഉയരത്തില്‍വെച്ച് ഡ്രോണിലെ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചു. ഇതോടെ ആളുകള്‍ ചിതറിയോടി. ചിലര്‍ പരിക്കേറ്റ് നിലത്ത് വീണു. ഏഴ് വയസുകാരന്‍ ആശിന്‍ മഹ്‍മൂദിനെയും രണ്ട് വയസുകാരന്‍ അയാന്‍ അഹ്മദിനെയും എടുത്ത് സെയ്തലവിയും ഭാര്യയും ടെര്‍മിനലിനുള്ളിലേക്ക് ഓടിക്കയറി. 

സ്ഫോടനത്തില്‍ സെയ്താലിയുടെ നെഞ്ചിനും ഭാര്യ ഖൗലത്തിന്റെ ഇടത് കാലിനും പരിക്കേറ്റു. സ്ഫോടനവും നിലവിളിയും ബഹളവും കേട്ട് കുട്ടികള്‍ പേടിച്ചരണ്ട് ഛര്‍ദിച്ചു. ഉടന്‍ തന്നെ എല്ലാവരെയും ആശുപത്രിയിലെത്തിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.  എന്നാല്‍ വിമാനം വൈകിയതോടെ നാട്ടിലേക്ക് പോയ അമന്‍ മുഹമ്മദ് ജിദ്ദയില്‍ കുടുങ്ങി. ഇന്നത്തെ വിമാനത്തില്‍ നാട്ടിലേക്ക് പോകാനാവും.

പരിക്കേറ്റ 21 പേരില്‍ നാല് പേര്‍ ഇന്ത്യക്കാരാണ്. 13 സൗദി പൗരന്മാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റതായി അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു. രണ്ട് ഈജിപ്ഷ്യന്‍ പൗരന്മാര്‍ക്കും രണ്ട് ബംഗ്ലാദേശ് പൗരന്മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ളവരില്‍ മൂന്ന് സ്ത്രീകളും രണ്ടും കുട്ടികളുമുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. വിമാനത്താവളത്തിലെ ഒരു റസ്റ്റോറന്റിനും പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന 18 വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായി.