റിയാദ്: സൗദിയില്‍ എല്ലാ വാഹനങ്ങളിലും അത്യാവശ്യം വേണ്ട ഉപകരണങ്ങള്‍ സൂക്ഷിക്കേണ്ടത് നിര്‍ബന്ധമാക്കി. സ്പെയര്‍ ടയറുകള്‍ക്ക് പുറമെ ടയര്‍ മാറ്റിയിടുന്നതിനുള്ള ഉപകരണങ്ങള്‍, അടിയന്തര ഘട്ടങ്ങളില്‍ നിര്‍ത്തിയിടുമ്പോള്‍ ഉപയോഗിക്കാനുള്ള ത്രികോണ ആകൃതിയിലുള്ള റിഫ്ലക്ടര്‍, പ്രഥമ ശുശ്രൂഷാ സംവിധാനങ്ങള്‍, അഗ്നിശമന സംവിധാനം എന്നിവ വാഹനങ്ങളില്‍ നിര്‍ബന്ധമാണ്.

വാഹനങ്ങളുടെ ഗ്ലാസുകളില്‍ സ്റ്റിക്കറുകള്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചിട്ടുണ്ട്. 500 റിയാല്‍ മുതല്‍ 900 റിയാല്‍ വരെയായിരിക്കും ഇത്തരം നിയമലംഘനങ്ങള്‍ക്ക് പിഴ ലഭിക്കുക. വാഹനങ്ങളുടെ പിന്‍ സീറ്റുകള്‍ക്ക് വശങ്ങളിലുള്ള വിന്‍ഡോകളില്‍ മാത്രമേ സ്റ്റിക്കറുകള്‍ ഒട്ടിക്കാന്‍ അനുവാദമുള്ളൂ. അതുതന്നെ അകത്തേക്കുള്ള കാഴ്ച മറയ്ക്കാത്ത തരത്തിലായിരിക്കണം. മറ്റ് തരത്തിലുള്ള സ്റ്റിക്കറുകളോ എഴുത്തുകളോ വാഹനങ്ങളില്‍ പാടില്ലെന്നും അറിയിച്ചിട്ടുണ്ട്. സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണ്.