റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ കിങ് അബ്ദുല്‍ അസീസ് ഒട്ടകമേള നഗരിയില്‍ വെടിവെപ്പ് നടത്തിയ സൗദി യുവാവിനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. റിയാദ് പൊലീസ് അസിസ്റ്റന്റ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുപ്പതു വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. 

ഒട്ടകമേള നഗരിയുടെ കവാടത്തിന് മുമ്പില്‍ വെച്ച് ആഹ്ലാദം പ്രകടിപ്പിച്ച് കാറിലിരുന്ന് കൊണ്ടാണ് പ്രതി ആകാശത്തേക്ക് വെടിയുതിര്‍ത്തത്. ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഇയാളെ സുരക്ഷാ സൈനികര്‍ പിന്തുടര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെറുക്കാന്‍ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. വെടിവെപ്പ് നടത്താന്‍ ഉപയോഗിച്ച തോക്കും എട്ട് വെടിയുണ്ടകളും ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. പ്രതിയെ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ഇതിന് മുന്നോടിയായി കേസില്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റിയാദ് പൊലീസ് അസിസ്റ്റന്റ് വക്താവ് കൂട്ടിച്ചേര്‍ത്തു.