Asianet News MalayalamAsianet News Malayalam

പ്രസവ ശേഷം ഭാര്യ മരിച്ചു; പ്രവാസി ഹൗസ് ഡ്രൈവറുടെ കുഞ്ഞിനെ സ്വന്തം മകളെപ്പോലെ സംരക്ഷിച്ച് സൗദി പൗരന്‍

വിവാഹശേഷം ഭാര്യയെയും ആയിദ് അല്‍ ശമ്മാരിയുടെ വീട്ടിലേക്ക് കൊണ്ടുവന്നു. രണ്ടുപേരും ആ വീട്ടില്‍ തന്നെ ജോലി ചെയ്ത് കഴിയുന്നതിനിടെ ഹസന്റെ ഭാര്യ ഗര്‍ഭിണിയാകുകയും അല്‍ ജൗഫ് ആശുപത്രിയില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

Saudi man fosters daughter of his  driver after death of her mother
Author
Riyadh Saudi Arabia, First Published Sep 7, 2021, 12:36 PM IST

റിയാദ്: അമ്മ മരിക്കുമ്പോള്‍ റഹ്മയ്ക്ക് പ്രായം ഒരാഴ്ച. ആദ്യ പ്രസവത്തില്‍ ഭാര്യയെ നഷ്ടപ്പെട്ട വേദനയോടൊപ്പം ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ എങ്ങനെ വളര്‍ത്തുമെന്നറിയാതെ വിഷമിച്ച ഹസന്‍ ആബിദീന്‍ എന്ന ബംഗ്ലാദേശ് സ്വദേശിക്ക് കാരുണ്യത്തിന്റെ കരം നീട്ടി സ്‌പോണ്‍സറായ സൗദി പൗരന്‍. 

സൗദി അറേബ്യയിലെ അല്‍ ജൗഫില്‍ ആയിദ് അല്‍ ശമ്മാരിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയാണ് ഹസന്‍ ആബിദീന്‍. മൂന്നു വര്‍ഷം മുമ്പാണ് ഹസന്‍ വിവാഹം കഴിച്ചത്. വിവാഹശേഷം ഭാര്യയെയും ആയിദ് അല്‍ ശമ്മാരിയുടെ വീട്ടിലേക്ക് കൊണ്ടുവന്നു. രണ്ടുപേരും ആ വീട്ടില്‍ തന്നെ ജോലി ചെയ്ത് കഴിയുന്നതിനിടെ ഹസന്റെ ഭാര്യ ഗര്‍ഭിണിയാകുകയും അല്‍ ജൗഫ് ആശുപത്രിയില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ജീവിതത്തിലേക്ക് കടന്നു വന്ന ആദ്യത്തെ കുഞ്ഞിനെ അവര്‍ റഹ്മ എന്ന് വിളിച്ചു. എന്നാല്‍ ആ സന്തോഷത്തിന് ദിവസങ്ങള്‍ മാത്രമാണ് ആയുസ്സുണ്ടായിരുന്നത്. റഹ്മയെ പ്രസവിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഹസന്റെ ഭാര്യ മരിച്ചു.

പ്രസവ സമയത്തെ സങ്കീര്‍ണതകളെ തുടര്‍ന്നായിരുന്നു മരണം. ഭാര്യയുടെ മൃതദേഹം അല്‍ജൗഫില്‍ തന്നെ ഖബറടക്കി. എന്നും ഖബറിനരികെ നിറകണ്ണുകളോടെ അയാള്‍ പ്രാര്‍ത്ഥിച്ചു. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഭാവിയെ ഓര്‍ത്ത് ആശങ്കപ്പെടുമ്പോഴാണ് സ്‌പോണ്‍സര്‍ ആയിദ് അല്‍ ശമ്മാരി കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. അപ്പോഴേക്കും സ്‌പോണ്‍സറുടെ ഭാര്യ ഉമ്മുസൈഫ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. തുടര്‍ന്ന് രണ്ടു കുഞ്ഞുങ്ങളെയും സ്‌പോണ്‍സറുടെ ഭാര്യ മുലയൂട്ടി വളര്‍ത്തി. കഴിഞ്ഞ ഒന്നര വര്‍ഷമായി റഹ്മയെ സ്വന്തം മകളായി കണ്ടുകൊണ്ട് അവര്‍ വളര്‍ത്തുകയാണ്. മകളുടെ കളിയും ചിരിയും ആസ്വദിച്ച് ഹസനും ആ വീട്ടില്‍ തുടരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios