റിയാദ്: സൗദിയിൽ സ്വദേശി തൊഴിലാളികളുടെ കുറഞ്ഞ വേതനം നാലായിരം റിയാലായി നിശ്ചയിക്കും. സ്വദേശി വനിതകളുടെ വിരമിക്കല്‍ പ്രായം 60 ആയി ഉയർത്തി.

നിതാഖാത്ത് വ്യവസ്ഥ പ്രകാരമാണ് ചുരുങ്ങിയ വേതനം നാലായിരം റിയാലായി നിശ്ചയിക്കുന്നത്. രണ്ടായിരം റിയാല്‍ വേതനം ലഭിക്കുന്ന പാർട്ട് ടൈം ജോലിക്കാരായ സ്വദേശികളെ നിതാഖാത്തു വ്യവസ്ഥപ്രകാരം എണ്ണത്തിൽ പകുതി ജീവനക്കാരനായി പരിഗണിക്കും.

ഇത്തരത്തില്‍ പാർട്ട് ടൈം ജീവനക്കാരായി സ്വദേശി വിദ്യാര്‍ത്ഥികളെയും ജോലിക്കു വെയ്ക്കാം. പത്ത് ശതമാനത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ ജോലിക്കു വെയ്ക്കാൻ പാടില്ലെന്നു വ്യവസ്ഥയുണ്ടാകും.

എന്നാല്‍ ഹോട്ടലുകളില്‍ 40 ശതമാനം വരെ വിദ്യാർത്ഥികളെ നിയമിക്കാം. രണ്ടായിരം റിയാലില്‍ കുറഞ്ഞ വേതനം നിതാഖാത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന് ഇത് സംബന്ധിച്ചുള്ള വ്യവസ്ഥയില്‍ പറയുന്നു.

അതേസമയം സ്വദേശി വനിതകളുടെ വിരമിക്കല്‍ പ്രായം 55 ല്‍ നിന്നും 60 ആയി ഉയര്‍ത്തിക്കൊണ്ടുള്ള ഭേദഗതി ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകരിച്ചു. വിരമിക്കല്‍ പ്രായത്തില്‍ സ്ത്രീ- പുരുഷ വേര്‍തിരിവ് ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ നടപടി.