Asianet News MalayalamAsianet News Malayalam

സൗദിയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളുടെ ശമ്പളം ഇ-വാലറ്റ് വഴി നല്‍കാം

പണമിടപാട് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇലക്ട്രോണിക് വാലറ്റുകളില്‍ നിക്ഷേപിക്കാനുള്ള പരമാവധി പരിധി 20,000 റിയാല്‍ ആയി ഉയര്‍ത്തിയിട്ടുണ്ട്.

saudi Ministry allows deposit of wages of workers in e-wallets
Author
Riyadh Saudi Arabia, First Published Sep 15, 2020, 2:00 PM IST

റിയാദ്: സൗദിയില്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ ശമ്പളം ബാങ്ക് അക്കൗണ്ടുകള്‍ക്ക് പകരം ഇലക്ട്രോണിക് -വാലറ്റുകള്‍ വഴി വിതരണം ചെയ്യാന്‍ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അനുവാദം നല്‍കി. ഇത്തരം സ്ഥാപനങ്ങള്‍ മന്ത്രാലയം അംഗീകരിച്ച 'മദാദ്' പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും വേതന സംരക്ഷണ പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവരുടെ ശമ്പളം രജിസ്റ്റര്‍ ചെയ്ത ഇ -വാലറ്റുകളില്‍ ഡെപ്പോസിറ്റ് ചെയ്യാവുന്നതാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

മദാദില്‍ നിക്ഷേപിക്കുന്നത് ശമ്പളം നല്‍കുന്നതിനുള്ള തെളിവായി പരിഗണിക്കുമെന്ന് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. മദാദ് പ്ലാറ്റ്‌ഫോം നിലവില്‍ ചില ബാങ്കുകളുമായും ടെലികമ്യൂണിക്കേഷന്‍ കമ്പനിയില്‍ നിന്നുള്ള ഒരു ഇലക്ട്രോണിക് വാലറ്റുമായും കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ തൊഴിലാളികളുടെ ശമ്പളം ഇ -വാലറ്റുകളിലൊന്നില്‍ നിക്ഷേപിക്കാന്‍ ഇത് മതിയാകും. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) സിസ്റ്റത്തില്‍ നിന്ന് ജീവനക്കാരെയും സ്ഥാപനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും ജീവനക്കാരുടെ ശംബളം സംബന്ധിച്ച ഡാറ്റ അപ്ഡേറ്റ് ചെയ്യാനും അവലോകനം ചെയ്യാനും മദാദ് പ്ലാറ്റ്‌ഫോമിനെ ചുമതലപ്പെടുത്തി. വ്യക്തിഗത ബാങ്ക് അക്കൗണ്ടുകള്‍ തുറക്കേണ്ട ആവശ്യമില്ലാത്ത സ്വദേശി, വിദേശി ജോലിക്കാര്‍ക്ക് സമീപ ഭാവിയില്‍ മദാദ് പേറോള്‍ കാര്‍ഡുകള്‍ നല്‍കും.

പണമിടപാട് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇലക്ട്രോണിക് വാലറ്റുകളില്‍ നിക്ഷേപിക്കാനുള്ള പരമാവധി പരിധി 20,000 റിയാല്‍ ആയി ഉയര്‍ത്തിയിട്ടുണ്ട്. ഒമ്പത് തൊഴിലാളികളോ അതില്‍ കുറവോ ഉള്ള ചെറിയ സ്ഥാപനങ്ങള്‍ക്ക് മദാദ് പ്ലാറ്റ്‌ഫോം സേവനങ്ങളുടെ രജിസ്‌ട്രേഷനും ഉപയോഗത്തിനുമുള്ള നിരക്ക് പ്രതിവര്‍ഷം 460 റിയാല്‍ ആയിരിക്കുമെന്നും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഒന്ന് മുതല്‍ നാല് വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ 2020 ഡിസംബര്‍ മുതല്‍ തങ്ങളുടെ തൊഴിലാളികളുടെ ശമ്പളം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കേണ്ടതുണ്ടെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇത്തരത്തിലുള്ള 3,74,830 ചെറുകിട സ്ഥാപനങ്ങള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്.

Follow Us:
Download App:
  • android
  • ios