ഈ അധ്യയന വർഷത്തെ ആദ്യ ട്ടേം അവസാനിക്കുന്നതിനു മുൻപായി സ്വദേശിവൽക്കരണം നടപ്പിലാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മന്ത്രാലയം ആവശ്യപ്പെട്ടതുപോലെ മൂന്നു മാസത്തിനകം ഇതു പ്രാബല്യത്തിൽ വരുത്താൻ കഴിയില്ലെന്നാണ് സ്കൂൾ ഉടമകൾ പറയുന്നത്
സൗദിയിലെ സ്വകാര്യ സ്കൂളുകളിലെ സ്വദേശിവൽക്കരണം വിദ്യാഭ്യാസ മന്ത്രാലയം നിഷ്ക്കർഷിച്ച സമയത്തിനകം നടപ്പാക്കുക അസാധ്യമെന്നു സ്കൂൾ ഉടമകൾ. നിയമം പ്രാബല്യത്തിലായാൽ നിരവധി വിദേശികളുടെ ജോലി നഷ്ടപ്പെടും.
സ്വകാര്യ ഇന്റർനാഷണൽ സ്കൂളുകളിൽ ഓഫീസ് ജോലി, സൂപ്പർവൈസിങ്, ആക്ടിവിറ്റി തുടങ്ങിയ ജോലികളിൽ വിദേശികൾക്ക് വിലക്കേർപ്പെടുത്താനും ഈ ജോലികളിൽ സ്വദേശികളെ നിയമിക്കാനും വിദ്യാഭ്യാസ മന്ത്രി ഡോ. അഹമ്മദ് അൽ ഈസ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ഈ അധ്യയന വർഷത്തെ ആദ്യ ട്ടേം അവസാനിക്കുന്നതിനു മുൻപായി സ്വദേശിവൽക്കരണം നടപ്പിലാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മന്ത്രാലയം ആവശ്യപ്പെട്ടതുപോലെ മൂന്നു മാസത്തിനകം ഇതു പ്രാബല്യത്തിൽ വരുത്താൻ കഴിയില്ലെന്നാണ് സ്കൂൾ ഉടമകൾ പറയുന്നത്.
ഒരു റ്റേമിന്റെ മധ്യത്തിൽ സ്വദേശിവൽക്കരണ തീരുമാനം പ്രഖ്യാപിക്കുകയും ട്ടേം അവസാനിക്കുന്നതിനു മുൻപ് ഇത് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതും കടുത്ത പ്രയാസമാണ് സൃഷ്ട്ടിക്കുന്നതെന്നു ചേമ്പർ ഓഫ് കോമേഴ്‌സിലെ സ്വകാര്യ വിദ്യാഭ്യാസ കമ്മിറ്റി അംഗം സ്വാലിഹ് അൽ ഗാംദി പറഞ്ഞു. തൊഴിൽ കരാറിൽ ഒപ്പുവെച്ച വിദേശികളെ കരാർ കാലാവധി അവസാനിക്കുന്നതിനു മുൻപ് പിരിച്ചു വിടുന്നത് വഴി കരാർ കാലാവധിയിൽ ശേഷിക്കുന്ന കാലത്തെ വേതനം നൽകുന്നതിന് സ്കൂൾ ഉടമകൾ നിർബന്ധിതരാകും.
വിദേശികളുമായി ഒപ്പുവെച്ച തൊഴിൽ കരാർ കാലാവധി പൂർത്തിയാകുന്നതുവരെ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതിനുള്ള സാവകാശം നൽകണമെന്ന് ചേമ്പർ ഓഫ് കോമേഴ്‌സിലെ സ്വകാര്യ വിദ്യാഭ്യാസ കമ്മിറ്റി പ്രസിഡണ്ട് ഖാലിദ് അൽ ജുവൈറ പറഞ്ഞു.എന്നാൽ നിയമം പ്രാബല്യത്തിൽ വരുന്നതോടെ സ്വകാര്യ സ്കൂളുകളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികളുടെ തൊഴിൽ നഷ്ടമാകും.
