ലോകത്തിലെ പ്രധാന സന്ദര്‍ശക കേന്ദ്രമായി സൗദിയെ മാറ്റാന്‍ ലക്ഷ്യമിട്ടും വിനോദ സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെയും ഭാഗമായാണ് നടപടി. രാജ്യത്ത് നടക്കുന്ന വിവിധ വിനോദ, കായിക, ബിസിനസ് പരിപാടികളില്‍ പങ്കെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് പ്രത്യേകം അനുവദിക്കുന്നതാണ് ഇവന്റ് വിസ.

റിയാദ്: സന്ദര്‍ശകര്‍ക്ക് ഇലക്ട്രോണിക് വിസ അനുവദിക്കാനുള്ള തീരുമാനത്തിന് സൗദി അറേബ്യന്‍ ക്യാബിനറ്റ് അംഗീകാരം നല്‍കി. വിവിധ പരിപാടികള്‍ ലക്ഷ്യമിട്ട് സൗദിയിലേക്ക് വരുന്ന സന്ദര്‍ശകര്‍ക്കുള്ള ഇവന്റ് വിസകള്‍ ഇനി അപേക്ഷിച്ച് ഒരു ദിവസത്തിനുള്ളില്‍ തന്നെ ലഭ്യമാവും.

ലോകത്തിലെ പ്രധാന സന്ദര്‍ശക കേന്ദ്രമായി സൗദിയെ മാറ്റാന്‍ ലക്ഷ്യമിട്ടും വിനോദ സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെയും ഭാഗമായാണ് നടപടി. രാജ്യത്ത് നടക്കുന്ന വിവിധ വിനോദ, കായിക, ബിസിനസ് പരിപാടികളില്‍ പങ്കെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് പ്രത്യേകം അനുവദിക്കുന്നതാണ് ഇവന്റ് വിസ. വിദേശത്തെ എംബസികളിലും കോണ്‍സുലേറ്റുകളിലും ഇതിനുള്ള അപേക്ഷ ലഭിച്ച് 24 മണിക്കൂറിനകം തന്നെ വിസ നല്‍കും.

സൗദിയിലെ ജനറല്‍ ഇന്‍വെസ്റ്റ്മെന്റ് അതോരിറ്റി, ജനറല്‍ സ്പോര്‍ട്സ് അതോരിറ്റി, ജനറല്‍ എന്‍റര്‍ടൈന്‍മെന്റ് അതോരിറ്റി എന്നിവ പരിപാടികളുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കും. രണ്ട് മാസം മുന്‍പെങ്കിലും വിവരങ്ങള്‍ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. ഇതനുസരിച്ചായിരിക്കും എംബസികളിലും കോണ്‍സുലേറ്റുകളിലും വിസ അനുവദിക്കുക.