ദമ്മാം: വിദേശത്തുള്ളവർക്കും ഇനി സൗദി അറേബ്യയിലെ താമസ രേഖ ഓൺലൈനായി പുതുക്കാം. ഇതിനായി പുതിയ ഓൺലൈൻ സേവനങ്ങൾക്ക് പാസ്‍പോർട്ട് വിഭാഗം തുടക്കം കുറിച്ചു.

തൊഴിലാളികൾ വിദേശത്തായാലും ഇഖാമ പുതുക്കാനും റീ-എൻട്രി വിസ ദീർഘിപ്പിക്കാനും തൊഴിലുടമകൾക്ക് അവസരമൊരുക്കുന്ന ഓൺലൈൻ സേവനങ്ങൾക്ക് സൗദി ജവാസാത് ഡയറക്ടറേറ്റ് തുടക്കം കുറിച്ചു.  വ്യക്തികൾക്കുള്ള അബ്ഷിർ ഇൻഡിവിജുവൽ,  ബിസിനസ്സ് മേഖലക്കുള്ള അബ്ഷിർ ബിസിനസ്, വൻകിട കമ്പനികൾക്കുള്ള മുഖീം എന്നീ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള ഓൺലൈൻ സേവനങ്ങൾ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരനാണ് ഉദ്‌ഘാടനം ചെയ്തത്.

വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിനും  റീ-എൻട്രി വിസ ദീർഘിപ്പിക്കാനും പുറമെ  പ്രൊബേഷൻ കാലയളവിൽ വിദേശ തൊഴിലാളികളുടെ ഫൈനൽ എക്സിറ്റ് വിസയും ഓൺലൈനായി ലഭിക്കും. സേവനങ്ങൾ ഇലക്ട്രോണിക്സ് മാധ്യമങ്ങൾ ഉപയോഗിച്ച് എളുപ്പമാക്കാനാണ് ജവാസാത് ലക്ഷ്യമിടുന്നത്. പതിനഞ്ചും അതിൽ കുറവും പ്രായമുള്ള സ്വദേശി കുട്ടികളുടെ പുതിയ പാസ്സ്‌പോർട്ട് അനുവദിക്കുന്നതിനും പുതുക്കുന്നതിനും പുതിയ ഓൺലൈൻ സേവനത്തിലൂടെ സാധ്യമാകും.