കര, സമുദ്ര അതിര്‍ത്തികള്‍ വഴിയായിരുന്നു ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. 279,010 ആംഫെറ്റാമൈന്‍ ഗുളികകള്‍, 330 കിലോ ഹാഷിഷ്, ഏകദേശം 40 ടണ്‍ ഖാത്ത് എന്നിവയാണ് പിടിച്ചെടുത്തത്.

റിയാദ്: സൗദി അറേബ്യയിലെ വിവിധ മേഖലകളിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍തോതിലുള്ള ലഹരിമരുന്നുകള്‍ അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ജിസാന്‍, നജ്‌റാന്‍, അസീര്‍, മക്ക, തബൂക്ക് തുടങ്ങിയ മേഖലകളിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്നാണ് സമുദ്ര, കര സേനകളുടെ സംയുക്ത ഓപ്പറേഷനിലൂടെ പിടിച്ചെടുത്തത്.

സ്വദേശികളും വിദേശികളുമടക്കം 50 പേരെ അറസ്റ്റ് ചെയ്തതായി അതിര്‍ത്തി സുരക്ഷാസേന വക്താവ് ലഫ്.കേണല്‍ മിസ്ഫര്‍ അല്‍ ഖുറൈനി പറഞ്ഞു. ഇതില്‍ 27 പേര്‍ സൗദി പൗരന്മാരാണ്. 10 എത്യോപ്യക്കാര്‍, ആറ് ബംഗ്ലാദേശികള്‍, നാല് യെമനികള്‍, രണ്ട് സൊമാലിയക്കാര്‍, ഒരു ഇന്ത്യക്കാരന്‍ എന്നിവരെ അതിര്‍ത്തി സുരക്ഷാ സംവിധാനം ലംഘിച്ചതിന് അറസ്റ്റ് ചെയ്തു. 

കര, സമുദ്ര അതിര്‍ത്തികള്‍ വഴിയായിരുന്നു ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. 279,010 ആംഫെറ്റാമൈന്‍ ഗുളികകള്‍, 330 കിലോ ഹാഷിഷ്, ഏകദേശം 40 ടണ്‍ ഖാത്ത് എന്നിവയാണ് പിടിച്ചെടുത്തത്. പിടിയിലാവര്‍ക്കെതിരെ പ്രാഥമിക നിയമനടപടികള്‍ സ്വീകരിച്ചു. തുടര്‍ നിയമനടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.