റിയാദ്: സൗദി അറേബ്യയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്(പിഐഎഫ്) ലുലു ഗ്രൂപ്പിന്റെ ഓഹരികള്‍ വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് പിഐഎഫ് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലിയുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് 'റോയിട്ടേഴ്‌സ്' റിപ്പോര്‍ട്ട് ചെയ്തു.

ഏകദേശം ആറാഴ്ചകള്‍ക്ക് മുമ്പ് പിഐഎഫ് ലുലു ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. എന്നാല്‍ ലുലു ഗ്രൂപ്പിന്റെ എത്ര ശതമാനം ഓഹരികള്‍ വാങ്ങാനാണ് പിഐഎഫ് തയ്യാറെടുക്കുന്നതെന്ന് വ്യക്തമല്ല. അതേസമയം സൗദി അറേബ്യയുടെ നിക്ഷേപത്തെ കുറിച്ച് ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പിഐഎഫിന്റെ ചെയര്‍മാന്‍. 

ഈ വര്‍ഷം തുടക്കത്തില്‍ യുഎഇ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അബുദാബി ഡവലപ്‌മെന്റ് ഹോള്‍ഡിങ് കമ്പനി ലുലു ഗ്രൂപ്പില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു. 7.4 ബില്യണ്‍ ഡോളറാണ് ലുലു ഗ്രൂപ്പിന്റെ വാര്‍ഷിക വരുമാനം.