റിയാദ്: പ്രവാസി തൊഴിലാളിയെ അധിക്ഷേപിച്ച സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. റമദാന്‍ മാസത്തില്‍ പകല്‍ ഭക്ഷണം കഴിച്ചതിനായിരുന്നു യുവാവിന്റെ അധിക്ഷേപം. ഇയാളെ ഇസ്‍മിലേക്ക് ക്ഷണിക്കുകയാണെന്ന് വാദിച്ച് ഇയാള്‍ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിയെ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടിരുന്നു.

എന്ത് കാരണത്തിന്റെ പേരിലായാലും വ്യക്തികളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കലും നിയമം അനുവദിക്കുന്ന സ്വാതന്ത്രത്തിന് ഭംഗം വരുത്തുന്നതും പൗരന്മാരുടെയും വിദേശികളുടെയും അവകാശങ്ങള്‍ ഹനിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു.വ്യക്തികളുടെ അഭിമാനം സംരക്ഷിക്കാനും മറ്റുള്ളവരുടെ മതങ്ങളെയും വിശ്വാസങ്ങളെയും സ്വാതന്ത്രത്തെയും മാനിക്കാനും സൗദി അറേബ്യയും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് സൗദി മനുഷ്യാവകാശ കമ്മീഷനും വ്യക്തമാക്കിയിരുന്നു.

പ്രോസിക്യൂഷന്‍ ഉത്തരവ് പ്രകാരം ഹായില്‍ പൊലീസാണ് 40കാരനായ സൗദി പൗരനെ കണ്ടെത്തി അറസ്റ്റ് ചെയ്ത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിന് മുന്നോടിയായുള്ള നിയമനടപടികളെല്ലാം പൂര്‍ത്തിയാക്കിയതായി ഹായില്‍ പൊലീസ് വക്താവ് ലെഫ്. കേണല്‍ സാമി അല്‍ശമ്മരി അറിയിച്ചു. സൗദി പൗരന്റെ സ്‍പോണ്‍സര്‍ഷിപ്പിലുള്ള പ്രവാസിയെയാണ് ഇയാള്‍ അധിക്ഷേപിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെയാണ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.  അറബി അറിയാത്ത തൊഴിലാളിയെ ഇയാള്‍ അറബിയില്‍ അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതുമാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. എന്താണ് പറയുന്നതെന്ന് മനസിലാവാതെ തൊഴിലാളി നില്‍ക്കുന്നതും കാണാമായിരുന്നു.