റി'ഹരീരി ഇവിടെ ഇരിക്കുന്നത് കണ്ട് ആരും അദ്ദേഹത്തെ തട്ടിക്കൊണ്ടുവന്നതാണെന്ന് കരുതരുത്, അദ്ദേഹം രണ്ട് ദിവസം കൂടി ഇവിടെ കാണും' ഇതായിരുന്നു സല്‍മാന്‍റെ വാക്കുകള്‍. ഹരീരിയടക്കമുളളവര്‍ ഇത് കേട്ട് പൊട്ടിചിരിക്കുകയായിരുന്നു

റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വലിയ തോതില്‍ വിമര്‍ശനമേറ്റുവാങ്ങുകയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ സൗദിക്കെതിരെ വിമര്‍ശനവുമായി രംഗത്തുണ്ട്. എല്ലാ വിമര്‍ശനങ്ങളും നയതന്ത്രത്തിലെ മികവിലൂടെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് സൗദിയും കിരീടാവകാശി സല്‍മാനും.

ആഗോള നിക്ഷേപക സംഗമ വേദിയിലെ സല്‍മാന്‍ രാജകുമാരന്‍റെ പ്രസംഗം ഇത് മുന്‍ നിര്‍ത്തിയുള്ളതായിരുന്നു. ഖഷോഗിയുടെ കൊലപാതകത്തെ ഒരു തരത്തിലും ന്യായീകരിക്കാനില്ലെന്ന് വ്യക്തമാക്കിയ സല്‍മാന്‍ കുറ്റക്കാരെ ശിക്ഷിക്കുമെന്നും വ്യക്തമാക്കി. അതിനിടയില്‍ രാജകുമാരന്‍ തമാശ രൂപത്തില്‍ വിമര്‍ശനങ്ങളോടുള്ള അസ്വാരസ്യവും പ്രകടമാക്കി.

ആഗോള നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനെത്തിയ ലെബനന്‍ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുവന്നതല്ലെന്ന് സൗദി കിരീടാവകാശി പറഞ്ഞുവച്ചപ്പോള്‍ വേദിയിലിരുന്നവര്‍ക്കും സദസിനും ചിരി പൊട്ടി. ലെബനന്‍ പ്രധാനമന്ത്രി സാദ് ഹരീരിയെ വേദിയിലിരുത്തിയായിരുന്നു സല്‍മാന്‍ അദ്ദേഹത്തെ തട്ടികൊണ്ടുവന്നതല്ലെന്ന് തമാശ രൂപേണ പറഞ്ഞുവച്ചത്.

'ഹരീരി ഇവിടെ ഇരിക്കുന്നത് കണ്ട് ആരും അദ്ദേഹത്തെ തട്ടിക്കൊണ്ടുവന്നതാണെന്ന് കരുതരുത്, അദ്ദേഹം രണ്ട് ദിവസം കൂടി ഇവിടെ കാണും' ഇതായിരുന്നു സല്‍മാന്‍റെ വാക്കുകള്‍. ഹരീരിയടക്കമുളളവര്‍ ഇത് കേട്ട് പൊട്ടിചിരിക്കുകയായിരുന്നു. തമാശ രൂപത്തിലാണെങ്കിലും ലോകരാഷ്ട്രങ്ങളോടുള്ള അസ്വാരസ്യം കൂടിയാണ് സല്‍മാന്‍ പ്രകടിപ്പിച്ചതെന്ന വിലയിരുത്തലാണ് ഉയരുന്നത്.