ആറു വയസ്സിൽ കുറവ് പ്രായമുള്ള കുട്ടികൾക്ക് യാത്ര സൗജന്യമായിരിക്കണമെന്ന് കരടു നിയമം പറയുന്നു

റിയാദ്: സൗദിയിൽ പൊതു ഗതാഗത സംവിധാനങ്ങളുടെ നിരക്കുകൾ ഗതാഗത അതോറിറ്റി നിശ്ചയിക്കുന്നു. ഇതിന്റെ കരട് നിയമാവലി പരസ്യപ്പെടുത്തി. ടാക്സിയും ബസും ട്രെയിനും അടക്കമുള്ള ഗതാഗത സംവിധാനങ്ങളുടെ തുകയാണ് പുതുക്കി നിശ്ചയിക്കുന്നത്.

പത്ത് റിയാലാണ് ടാക്സി സേവനത്തിനുള്ള മിനിമം നിരക്കെന്ന് കരട് നിയമാവലി വ്യക്തമാക്കുന്നു. അഞ്ചര റിയാലിലാണ് മീറ്റർ പ്രവർത്തിച്ചു തുടങ്ങുക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 1.8 റിയാൽ തോതിലാണ് നിരക്ക്. വെയ്റ്റിംഗ് ചാർജ്ജ് മിനിറ്റിന് 80 ഹലാലയാണ്.

പൊതു ഗതാഗത സംവിധാനത്തിൽ ഇക്കോണമി ക്ലാസ്സിൽ യാത്ര ചെയ്യുന്ന വികലാംഗർക്കും കാൻസർ രോഗികൾക്കും അറുപതിൽ കൂടുതൽ പ്രായമുള്ളവർക്കും 50 ശതമാനം ഇളവ് അനുവദിക്കണമെന്ന് കരട് നിയമം നിർദ്ദേശിക്കുന്നു. ആറു മുതൽ പതിനെട്ടു വയസ്സുവരെ പ്രായമുള്ള വിദ്യാർത്ഥികൾക്കും 50 ശതമാനം ഇളവ് അനുവദിക്കും. ആറു വയസ്സിൽ കുറവ് പ്രായമുള്ള കുട്ടികൾക്ക് യാത്ര സൗജന്യമായിരിക്കണമെന്നും കരടു നിയമം പറയുന്നു.

പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നതിനുള്ള ചിലവ് കുടുംബങ്ങളുടെ ശരാശരി ദിവസ വരുമാനത്തിന്റെ അഞ്ചു ശതമാനത്തിൽ കൂടാൻ പാടില്ലെന്ന് കരടു നിയമാവലി വ്യക്തമാക്കുന്നുണ്ട്. കരടു നിയമാവലിയിൽ പൊതുജനങ്ങൾക്കു അഭിപ്രായം പ്രകടിപ്പിക്കുന്നതിനു ഈ മാസം 18 വരെ സമയം അനുവദിച്ചിട്ടുണ്ട്.