ദമ്മാം: ഈ വർഷം ഹജ്ജിന് അനുമതി നല്‍കിയത് സൗദിയില്‍ താമസിക്കുന്ന 160 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹജ്ജ് പരിമിതപ്പെടുത്താനുള്ള സൗദിയുടെ തീരുമാനത്തെ ലോക രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം നേതാക്കളും പണ്ഡിതരും പ്രശംസിച്ചു. 

ഈ വർഷം ഹജ്ജ് നിർവ്വഹിക്കാനായി സൗദിയില്‍ താമസിക്കുന്ന 160 രാജ്യങ്ങളിലെ പൗരന്മാരെ തെരഞ്ഞെടുത്തതായി ഹജ്ജ് - ഉംറ ഡെപ്യൂട്ടി  മന്ത്രി ഡോ. അബ്ദുൽഫത്താഫ് ബിൻ സുലൈമാൻ മുശാത്താണ് അറിയിച്ചത്. അതത് എംബസികളുമായും കോൺസുലേറ്റുകളുമായും ബന്ധപ്പെട്ടാണ് സൗദിയിലുള്ള വിദേശികളെ ഹജ്ജിനായി തിരഞ്ഞെടുത്തത്. കൊവിഡ് - 19, ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം, മാനസിക പ്രശ്‌നം എന്നിവയുള്ളവർക്ക് ഈ വർഷം ഹജ്ജ് നിർവ്വഹിക്കാൻ അനുമതി നൽകിയിട്ടില്ല. നേരത്തെ ഹജ്ജ് ചെയ്തവർക്കും ഈ വർഷം അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുപതിനും 65നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമാണ് ഹജ്ജ് നിർവ്വഹിക്കാൻ ഈ വർഷം അനുമതിയുള്ളത്. 

അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹജ്ജ് പരിമിതപ്പെടുത്താനുള്ള സൗദിയുടെ തീരുമാനത്തെ ലോക രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം നേതാക്കളും പണ്ഡിതരും പ്രശംസിച്ചു. തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷക്കായി സൗദി ഭരണകൂടം കാണിക്കുന്ന അതീവ ശ്രദ്ധയെയും ഇവർ പ്രശംസിച്ചു. ഒപ്പം തീർത്ഥാടകരുടെ സുരക്ഷക്കായും ആരോഗ്യ സംരക്ഷണത്തിനായും സൗദി സ്വീകരിക്കുന്ന മുഴുവൻ നടപടികളോടും ലോക മുസ്ലിം പണ്ഡിത സമൂഹം ഐക്യദാർഢ്യം പ്രകടിപ്പിച്ചു.