റിയാദ്: സൗദിയിൽ പൊതുവരുമാനത്തിൽ വൻ വർദ്ധന. ഒൻപതു മാസത്തിനിടെ രാജ്യത്തിൻറെ പൊതുവരുമാനം 66,311 കോടി റിയാൽ രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു. പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനത്തിലും വർദ്ധനവ് രേഖപ്പെടുത്തി ഈ വർഷം മൂന്നാം പാദാവസാനത്തെ കണക്കു പ്രകാരം രാജ്യത്തെ പൊതുവരുമാനത്തിൽ 47 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു.

മൂന്നാം പാദത്തിലെ മാത്രം പൊതുവരുമാനം 22,326 കോടി റിയാലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 57 ശതമാനം വളർച്ചയാണ് ഈ വർഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു പെട്രോൾ ഇതര മേഘലയിൽ നിന്നുള്ള വരുമാനത്തിലും വലിയ വർദ്ധനവുണ്ടായി. 48 ശതമാനത്തിന്‍റെ വർദ്ധനവാണ് ഈ മേഘലയിൽ ഈ വർഷം ഉണ്ടായത്. അതേസമയം രാജ്യത്തിൻറെ പൊതുകടം 54,951 റിയാലായും ഉയർന്നിട്ടുണ്ട്.

പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിനും പൊതു ധനവിനിയോഗ കാര്യക്ഷമത ഉയർത്തുന്നതിനും നടപ്പിലാക്കിയ പദ്ധതികൾ വിജയിച്ചതിന്‍റെ ഫലമായി ധന അച്ചടക്കം മെച്ചപ്പെട്ടെന്നു ധനമന്ത്രി മുഹമ്മദ് അൽ ജഥാൻ പറഞ്ഞു.
രാജ്യത്തു നടപ്പിലാക്കിയ സാമ്പത്തിക പരിഷ്ക്കരണങ്ങളുടെ ഫലം കൂടുതലായി ലഭിക്കാൻ തുടങ്ങിയതായാണ് പൊതുവരുമാനത്തിലെ വർദ്ധനവ് വ്യക്തമാക്കുന്നത്.