റിയാദ്: സാമ്പത്തിക കേസുകളിൽ സൗദി ജയിലുകളില്‍ കഴിയുന്നവരെ ഉടന്‍ മോചിപ്പിക്കാനുള്ള സൗദി ഭരണാധികാരി സൽമാന്‍ രാജാവിന്റെ ഉത്തരവ് ഇന്ത്യക്കാരുള്‍പ്പെടെയുള്ള നിരവധി പ്രവാസികള്‍ക്ക് ആശ്വാസമാവും. സാമ്പത്തിക കേസുകളിലെ തടവുകാരെ  എത്രയും വേഗം മോചിപ്പിക്കുമെന്ന് നീതിന്യായ മന്ത്രി ശൈഖ് ഡോ. വലീദ് ബിന്‍ മുഹമ്മദ് അൽസമാനിയാണ് അറിയിച്ചത്. 

സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ സ്വകാര്യ അന്യായ പ്രകാരം കോടതി വിധികള്‍ നടപ്പാക്കരുതെന്നും രാജാവിന്റെ ഉത്തരവിൽ പറയുന്നതായി നീതിന്യായ മന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഉത്തരവ്. ജയിലിലുള്ളവരെ വിട്ടയക്കാൻ നടപടി സ്വീകരിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിയെ ഉദ്ധരിച്ച് അഖ്ബാർ 24 ന്യൂസ്പോർട്ടൽ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. ഇന്ത്യാക്കാരുൾപ്പെടെ സാമ്പത്തിക കേസുകളിൽ സൗദി ജയിലുകളിൽ കഴിയുന്നവർക്ക് ആശ്വാസമാകുന്ന വാർത്തയാണിത്.