ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ മുഹമ്മദ് അല്‍ഗാസിം വൈകാതെ മരിച്ചു.
ലണ്ടന്‍: ബ്രിട്ടനില്‍ കേംബ്രിഡ്ജ് ട്രെയിൻ സ്റ്റേഷന് സമീപമുള്ള മില്‍ പാര്‍ക്കില്‍ സൗദി പൗരനായ വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു. സൗദി പൗരനായ മുഹമ്മദ് അൽഗാസിം (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് ഒന്നിന് രാത്രി 11:27നാണ് ഈ വിവരം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ മുഹമ്മദ് അല്‍ഗാസിം 12.01ഓടെ മരിച്ചതായി കേംബ്രിഡ്ജ്ഷെയര്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ 21 വയസ്സുള്ള കേംബ്രിഡ്ജ് സ്വദേശിയായ യുവാവിനെയും 51കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശ വിദ്യാർഥികൾക്ക് ഇംഗ്ലിഷ് ഭാഷാ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന സ്വകാര്യ സ്കൂളായ കേംബ്രിജിലെ പത്ത് ആഴ്ചത്തെ പ്ലേസ്‌മെന്റ് പഠനത്തിനാണ് മുഹമ്മദ് അൽഗാസിം യുകെയിലെത്തിയത്. പ്രകോപനമില്ലാതെ നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് അൽഗാസിം കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
