റിയാദ്: ഫലപ്രദമായ കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിന് ആഗോള മരുന്ന് കമ്പനികളോടൊപ്പം ചേര്‍ന്ന് സൗദി അറേബ്യ പ്രവര്‍ത്തിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പാരീസ് പീസ് ഫോറത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം കൊവിഡിനെതിരായ പോരാട്ടത്തില്‍ സൗദി അറേബ്യയുടെ പദ്ധതികളെ കുറിച്ച് വിശദീകരിച്ചത്. 

പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ സൗദി സര്‍ക്കാര്‍ നടത്തിയ വലിയ ശ്രമങ്ങളെ മന്ത്രി എടുത്തുപറഞ്ഞു. കൊവിഡ് 19നെ കൈകാര്യം ചെയ്യുന്നതില്‍ ആരോഗ്യ മന്ത്രാലയം വലിയ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യര്‍ക്ക് കൊവിഡ് എന്ന മഹാമാരിയില്‍ നിന്ന് സുരക്ഷ നല്‍കാന്‍ വാക്‌സിന്‍ കണ്ടെത്തുന്നതിലൂടെ കഴിയുമെന്നും അതിനായി ആഗോള മരുന്ന് കമ്പനികളുമായി സഹകരിച്ച് സൗദി മുന്നോട്ടു പോകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.