Asianet News MalayalamAsianet News Malayalam

29 വര്‍ഷത്തിന് ശേഷം ഇറാഖ് അതിര്‍ത്തി തുറക്കാനൊരുങ്ങി സൗദി അറേബ്യ

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്തമാക്കുന്നതിനായി അതിര്‍ത്തി തുറക്കുന്നതിനുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നടന്നുവരികയായിരുന്നു.

Saudi to open iraq border on October 15
Author
Riyadh Saudi Arabia, First Published Jul 17, 2019, 12:51 PM IST

റിയാദ്: 29 വര്‍ഷമായി അടച്ചിട്ടിരുന്ന ഇറാഖ് അതിര്‍ത്തി തുറക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ 'അരാര്‍' അതിര്‍ത്തി ഒക്ടോബര്‍ 15ന് തുറക്കുമെന്ന് ഇറാഖിലെ സൗദി അംബാസഡര്‍ അബ്ദുല്‍ അസീസ് അല്‍ ഷമ്മാരി അറിയിച്ചു. 1990ല്‍ സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശത്തോടെയാണ് സൗദി അറേബ്യ അതിര്‍ത്തി അടച്ചത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്തമാക്കുന്നതിനായി അതിര്‍ത്തി തുറക്കുന്നതിനുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നടന്നുവരികയായിരുന്നു. പുതിയ തീരുമാനത്തോടെ ഇറാഖിന് അതിന്റെ അറബ് പാരമ്പര്യത്തിലേക്ക് മടങ്ങിവരാനും മറ്റ് അറബ് രാജ്യങ്ങള്‍ക്ക് ഇറാഖുമായുള്ള ബന്ധം ശക്തമാക്കുന്നതിനും സഹായകരമാവുമെന്ന് ഇറാഖ് പാര്‍ലമെന്റ് അംഗം ജാബിര്‍ അല്‍ ജാബിരി പറഞ്ഞു. ഇറാഖില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സൗദിയിലേക്കുള്ള യാത്ര എളുപ്പമാവുമെന്നും തീരുമാനത്തിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാല്‍നൂറ്റാണ്ടിന് ശേഷം 2015ലാണ് ഇറാഖില്‍ സൗദി അറേബ്യ തങ്ങളുടെ എംബസി വീണ്ടും തുറന്നത്. തുടര്‍ന്ന് 2017 ഫെബ്രുവരിയില്‍ അന്നത്തെ സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ഇറാഖ് സന്ദര്‍ശിച്ചതോടെയാണ് അതിര്‍ത്തി തുറക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് ചര്‍ച്ചകള്‍ നീണ്ടത്. 70 കിലോമീറ്ററോളം സൗദിയും ഇറാഖും അതിര്‍ത്തി പങ്കിടുന്നുണ്ട്.

Follow Us:
Download App:
  • android
  • ios