റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ അടുത്തമാസം തുടങ്ങാനിരിക്കെ ഹജ്ജിനെ രാഷ്ട്രീയവത്കരിക്കരുതെന്ന് സൗദി അറേബ്യയുടെ മുന്നറിയിപ്പ്. ഹജ്ജിനെ രാഷ്ട്രീയവത്കരിക്കുന്ന പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടു.

ഹജ്ജിനെയും അതിന്റെ സമാധാന അന്തരീക്ഷത്തെയും ബാധിക്കുന്ന തരത്തിലുള്ള പ്രവൃത്തികളില്‍ നിന്ന് തീര്‍ത്ഥാടകര്‍ വിട്ടുനില്‍ക്കണമെന്ന് മന്ത്രി തുര്‍കി അല്‍ ഷബാന ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയിലൂടെ പ്രസ്താവിക്കുകയും ചെയ്തു. രാഷ്ട്രീയവും സങ്കുചിതവുമായ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതുപോലുള്ള കാര്യങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇത് തടയാന്‍ ശക്തമായ നടപടികളെടുക്കും. ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നിയമപ്രകാരമുള്ള നടപടികള്‍ ബാധകമായിരിക്കുമെന്നും സൗദി ക്യാബിനറ്റ് അറിയിച്ചിട്ടുണ്ട്. ഹജ്ജിന്റെ കര്‍മങ്ങള്‍ക്ക് നിര്‍വഹിക്കാന്‍ വേണ്ടിയും ആത്മീയതയ്ക്കും പുണ്യസ്ഥലങ്ങളുടെ പവിത്രത മനസിലാക്കുന്നതിനും വേണ്ടി തീര്‍ത്ഥാടകര്‍ തങ്ങളുടെ സമയം ചിലവഴിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.