ദമാം: ഏകദേശം ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയിലെ ദമാം മെറ്റേണിറ്റി ആശുപത്രിയില്‍ നിന്ന് മൂന്ന് നവജാതശിശുക്കളെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യ പ്രതിയായ സൗദി വനിതയ്ക്ക് വധശിക്ഷ. ദമാം ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നാം പ്രതിയായ യെമന്‍ സ്വദേശിയെ കോടതി 25 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചു.

ഒന്നും രണ്ടും മൂന്നും പ്രതികള്‍ക്ക് വധശിക്ഷ വിധിക്കണമെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റ പത്രത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. കേസില്‍ ആകെ അഞ്ച് പ്രതികളാണുള്ളത്. ഇതില്‍ രണ്ടുപേരുടെ ശിക്ഷയാണ് കോടതി പ്രഖ്യാപിച്ചത്. വളര്‍ന്ന വലുതായ ശേഷം കുട്ടികള്‍ക്ക് സൗദി തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടാക്കാന്‍ മുഖ്യ പ്രതി നല്‍കിയ വിവരങ്ങളില്‍ സംശയം തോന്നിയതാണ് 20 വര്‍ഷത്തിലധികം മുമ്പ് രജിസ്റ്റര്‍ ചെയ്ത തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ തെളിയിക്കാന്‍ സുരക്ഷാ വകുപ്പുകള്‍ക്ക് സഹായകമായത്. രണ്ടു കുട്ടികള്‍ക്ക് സൗദി തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടാക്കാന്‍ സമീപിച്ച പ്രതിയായ വനിത ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുക്കളെ താന്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാതെ എടുത്തുവളര്‍ത്തുകയായിരുന്നെന്നാണ് പറഞ്ഞിരുന്നത്. 

എന്നാല്‍ ഇവര്‍ നല്‍കിയ വിവരങ്ങളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്ത്രീയുടെയും കുട്ടികളുടെയും ബന്ധുക്കളുടെയും ഡിഎന്‍എ പരിശോധിച്ചു. ഇതോടെയാണ് 20 വര്‍ഷത്തിലേറെ മുമ്പ് ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടികളാണിവരെന്ന് തെളിഞ്ഞത്. ഇതിന് മുമ്പ് മറ്റൊരു കുട്ടിയെയും സമാനമായ രീതിയില്‍ പ്രതി ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയതായി അന്വേഷണത്തില്‍ കണ്ടെത്തി. മൂന്ന് കുട്ടികളെയും യഥാര്‍ത്ഥ കുടുംബങ്ങള്‍ക്ക് കൈമാറി.

മൂന്ന് നവജാതശിശുക്കളെ തട്ടിക്കൊണ്ടുപോകല്‍, തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് കളവ് പറയല്‍, നഴ്‌സ് ആയി ആള്‍മാറാട്ടം നടത്തല്‍, ദുര്‍മന്ത്രവാദം, കുട്ടികള്‍ക്ക് വിദ്യാഭ്യാസവും തിരിച്ചറിയല്‍ കാര്‍ഡുകളും നിഷേധിക്കല്‍, വ്യാജ വിവരങ്ങള്‍ നല്‍കി അന്വേഷണ ഏജന്‍സികളെ വഴിതെറ്റിക്കല്‍ എന്നീ ആരോപണങ്ങളാണ് മുഖ്യ പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചത്. കേസിലെ അഞ്ചാം പ്രതി വിദേശത്താണെന്നും ഇയാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കുന്നതിന് ഇന്റര്‍പോളിന്റെ സഹായം തേടിയതായി പബ്ലിക് പ്രോസിക്യൂഷന്‍ ഏപ്രിലില്‍ അറിയിച്ചിരുന്നതായി 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.