Asianet News MalayalamAsianet News Malayalam

ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടി; റസ്റ്റോറന്റ്, കഫേ സൂപ്പര്‍ മാര്‍ക്കറ്റ് മേഖലയില്‍ സ്വദേശിവത്കരണം

മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്‍മദ് ബിൻ സുലൈമാൻ അൽറാജിഹിയാണ് നേരത്തെ റസ്റ്റോറന്റ്, സൂപ്പര്‍ മാര്‍ക്കറ്റ് മേഖലയിലെ സ്വദേശിവത്കരണ തീരുമാനം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇത് നടപ്പാക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് സമയം അനുവദിച്ചിരുന്നു. 

saudisation comes into effect in restaurant cafe and super market sectors in Saudi Arabia
Author
Muscat, First Published Oct 3, 2021, 1:08 PM IST

റിയാദ്: നിരവധി മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ ജോലി ചെയ്യുന്ന റസ്റ്റോറന്റ്, കാറ്ററിങ്, സൂപ്പര്‍ മാര്‍ക്കറ്റ് മേഖലകളില്‍ (Restaurants, Cafes, Super market) സൗദി അറേബ്യയില്‍ (Saudi Arabia( സ്വദേശിവത്കരണം (Saudisation) നടപ്പായി. കഫേകള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍, ഫുഡ് ട്രക്കുകള്‍ എന്നിങ്ങനെയുള്ള വിവിധ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ രണ്ട് മുതല്‍ സ്വദേശിവത്കരണത്തിന്റെ പരിധിയില്‍ വന്നു. ഓരോ വിഭാഗത്തിലുമുള്ള സ്ഥാപനങ്ങളില്‍ നിശ്ചിത ശതമാനമാണ് സ്വദേശികളെ നിയമിക്കേണ്ടത്. അതേ സമയം ഫുഡ് ട്രക്കുകളിലെ ജോലികള്‍ പൂര്‍ണമായും സ്വദേശിവത്‍കരിച്ചു.

മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്‍മദ് ബിൻ സുലൈമാൻ അൽറാജിഹിയാണ് നേരത്തെ റസ്റ്റോറന്റ്, സൂപ്പര്‍ മാര്‍ക്കറ്റ് മേഖലയിലെ സ്വദേശിവത്കരണ തീരുമാനം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇത് നടപ്പാക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് സമയം അനുവദിച്ചിരുന്നു. ഈ സമയ പരിധി അവസാനിച്ചതോടെ ഒക്ടോബര്‍ രണ്ട് മുതല്‍ നിയമം പ്രാബല്യത്തിലായി. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളികളില്‍ ഏറ്റവുമധികം പേര്‍ ജോലി ചെയ്യുന്ന മേഖലകളില്‍ ഉള്‍പ്പെടുന്നവയാണ് ഇപ്പോള്‍ സ്വദേശിവത്കരണം നടപ്പാക്കിയ തൊഴിലുകള്‍. ഇത് പ്രവാസി സമൂഹത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റസ്റ്റോറന്റുകള്‍, മത്‍ബഖുകള്‍, ഫാസ്റ്റ് ഫുഡ് കടകള്‍, ജ്യൂസ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ 20 ശതമാനം സ്വദേശികളെ നിയമിക്കണം. ഈ സ്ഥാപനങ്ങള്‍ ഷോപ്പിങ് മാളുകളിലോ മറ്റ് വാണിജ്യ കേന്ദ്രങ്ങളുടെ അകത്തോ ആണെങ്കില്‍ സ്വദേശിവത്കരണ തോത് 40 ശതമാനമായിരിക്കും. ഒരു ഷിഫ്റ്റില്‍ നാലില്‍ കൂടുതല്‍ തൊഴിലാളികളുണ്ടെങ്കില്‍ നിശ്ചിത ശതമാനം സ്വദേശികളുണ്ടായിരിക്കണമെന്നതാണ് വ്യവസ്ഥ. 

അതേസമയം പാനീയങ്ങൾ, ശീതീകരിച്ച ഭക്ഷ്യ വസ്‍തുക്കൾ, ഐസ്‍ക്രീം എന്നിവ വിൽക്കുന്ന കഫേകളില്‍ 30 ശതമാനമാണ് സ്വദേശിവത്കരണം. ഇവ മാളുകളിലോ മറ്റ് വാണിജ്യ സ്ഥാപനങ്ങളുടെ അകത്തോ ആണെങ്കില്‍ 50 ശതമാനം സ്വദേശികള്‍ വേണം. ഇവിടെ ഒരു ഷിഫ്റ്റില്‍ രണ്ട് പേരുണ്ടെങ്കില്‍ തന്നെ സ്വദേശിവത്കരണം ബാധകമാവുകയും ചെയ്യും. ഫുഡ് ട്രക്ക് മേഖലയിൽ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലായി. ഐസ്ക്രീം, പാനീയങ്ങൾ, മറ്റ്​ ഭക്ഷ്യവസ്‍തുക്കൾ എന്നിവയെല്ലാം വില്‍പന നടത്തുന്ന ട്രക്കുകളില്‍ ഒരു ജോലിയിലും വിദേശികള്‍ പാടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. 

ക്ലീനിങ് തൊഴിലാളി, ലോഡിങ്​, അൺലോഡിങ്​ തൊഴിലാളി തുടങ്ങിവരെ സ്വദേശിവത്കരണത്തില്‍ നിന്ന്ഒഴിവാക്കിയിട്ടുണ്ട്​. ഫാക്ടറികൾ, ഓഫീസുകൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവിടങ്ങളിലെ കാന്റീനുകൾ, കഫറ്റീരിയകൾ എന്നിവയെയും ഹോട്ടലുകൾ, അപാർട്ട്‍മെന്റുകൾ, ഹോട്ടൽ വില്ലകൾ എന്നിവയ്‍ക്കുള്ളിലെ റസ്റ്റോറൻറുകൾ, കഫേകൾ എന്നിവയെയും സ്വദേശിവത്കരണ തീരുമാനത്തിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.  സ്വദേശിവത്കരണം ബാധകമല്ലാത്ത ജോലികളിലുള്ളവര്‍ ഒരു ഷിഫ്‍റ്റിൽ 20 ശതമാനത്തിൽ കൂടരുത്. ഇവര്‍ ജോലിയുടെ പേര് രേഖപ്പെടുത്തിയ യൂനിഫോം ധരിക്കണം. 

300 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണമുള്ള സൂപ്പർ​മാർക്കറ്റുകളും 500 ചതുരശ്ര മീറ്റർ വിസ്‍തീർണത്തിൽ കുറയാത്ത സെ‍ൻട്രൽ മാർക്കറ്റുകളും സ്വദേശിവത്‍കരണ തീരുമാനം ബാധകമാവുന്നവയിൽ ഉൾപ്പെടും. ഇവിടങ്ങളില്‍ ആദ്യഘട്ടത്തിൽ കസ്റ്റമർ അക്കൗണ്ടൻറ്​​, അക്കൗണ്ടിങ് സൂപർവൈസർ, കസ്റ്റമർ സർവീസ്​, കസ്റ്റമർ റിലേഷൻസ് എന്നീ ​ജോലികൾ പൂര്‍ണമായും സ്വദേശികള്‍ക്കായി മാറ്റിവെയ്‍ക്കണം. സെക്ഷൻ സൂപർവൈസർ തസ്തികയില്‍ 50 ശതമാനം സ്വദേശിവത്കരണവും നടപ്പാക്കണം.

Follow Us:
Download App:
  • android
  • ios