റിയാദ്: ഇപ്പോള്‍ പ്രവാസി തൊഴിലാളികള്‍ ചെയ്‍തുകൊണ്ടിരിക്കുന്ന അറുപത് ശതമാനം ജോലികളിലും  സ്വദേശിവത്കരണം അസാധ്യമാണെന്ന് സൗദി ശൂറാ അംഗം ഹസ്സാഅ് അല്‍ ഖഹ്‍താനി പറഞ്ഞു. ഈ ജോലികള്‍ക്ക് ലഭിക്കുന്ന കുറഞ്ഞ വേതനമാണ് സ്വദേശിവത്കരണം അസാധ്യമാക്കുന്നത്. എന്നാല്‍ രാജ്യത്ത് നാല്‍പത് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സ്വദേശി വത്കരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ സൗദി അറേബ്യയില്‍ 1.1 കോടിയോളം വിദേശ തൊഴിലാളികളുണ്ട്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരും കാര്‍ഷിക, മത്സ്യബന്ധന, ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്. ഇവയില്‍ കാര്‍ഷികം, മത്സ്യബന്ധനം, കെട്ടിട നിര്‍മാണം, മെയിന്റനന്‍സ് തുടങ്ങിയ മേഖലകളില്‍ സ്വദേശി വത്കരണം അസാധ്യമാണെന്നാണ് ഹസ്സാഅ് അല്‍ ഖഹ്‍താനി അഭിപ്രായപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങളായി സ്വദേശിവത്കരണ ശ്രമങ്ങള്‍ ബന്ധപ്പെട്ട മന്ത്രാലയം നടത്തുന്നുണ്ടെങ്കിലും സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണം കാര്യമായ അളവില്‍ വര്‍ദ്ധിച്ചിട്ടില്ല. സാമ്പത്തിക ചെലവ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് സ്വദേശിവത്കരണം.  ബിരുദധാരികളായ സ്വദേശികളെ പരിശീലനങ്ങളിലൂടെ ജോലികള്‍ക്ക് പ്രാപ്തമാക്കണമെന്നും തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള കോഴ്‍സുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.