Asianet News MalayalamAsianet News Malayalam

പ്രവാസികൾക്ക് വീണ്ടും തിരിച്ചടി; സൗദിയിൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം

മലയാളികളടക്കം നിരവധി വിദേശികളെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ തീരമാനം. ചില്ലറ-മൊത്ത വ്യാപാര മേഖലകളിലെ ഒന്‍പത് വിഭാഗം സ്ഥാപനങ്ങളിലാണ് പുതുതായി സ്വദേശിവല്‍ക്കരണം നടപ്പാക്കുക. 

saudisation to be implemented in more sectors in the kingdom
Author
Riyadh Saudi Arabia, First Published Mar 6, 2020, 11:35 AM IST

റിയാദ്: പ്രവാസികൾക്ക് വീണ്ടും തിരിച്ചടി നൽകി സൗദി അറേബ്യയിൽ തൊഴിൽ മേഖലയിൽ കൂടുതൽ സ്വദേശിവത്കരണം വരുന്നു. രാജ്യത്തെ ചില്ലറ-മൊത്ത വ്യാപാര രംഗത്തെ വിവിധ വിഭാഗങ്ങളിൽ പുതുതായി സൗദിവല്‍ക്കരണം നടപ്പാക്കാനാണ് മാനവവിഭവ ശേഷി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. 

ഇതുവരെ സ്വദേശിവത്കരണം ഇല്ലാത്ത വിഭാഗങ്ങളിൽ പുതുതായി ഏർപ്പെടുത്താനും ഈ മേഖലയിലാകെ സൗദിവത്കരണ തോത് കൂട്ടാനുമാണ് തീരുമാനമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അല്‍രാജ്ഹി അറിയിച്ചു. മൊത്തം ജീവനക്കാരുടെ സ്വദേശിവത്കരണ തോത് 70 ശതമാനമായി ഉയർത്തും. ആഗസ്റ്റ് 20 മുതല്‍ പുതിയ തീരുമാനം നടപ്പാകും.

മലയാളികളടക്കം നിരവധി വിദേശികളെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ തീരമാനം. ചില്ലറ-മൊത്ത വ്യാപാര മേഖലകളിലെ ഒന്‍പത് വിഭാഗം സ്ഥാപനങ്ങളിലാണ് പുതുതായി സ്വദേശിവല്‍ക്കരണം നടപ്പാക്കുക. ചായ, കോഫി, ഈത്തപ്പഴം, തേന്‍, പഞ്ചസാര, സുഗന്ധ വ്യഞ്ജനങ്ങള്‍, പാനീയങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളിലും ധാന്യങ്ങള്‍, വിത്തുകള്‍, പൂക്കള്‍, ചെടികള്‍, കാര്‍ഷിക വസ്തുക്കള്‍, പുസ്തകങ്ങള്‍, സ്റ്റേഷനറി, ഗിഫ്റ്റുകള്‍, കരകൗശല വസ്തുക്കള്‍, പുരാവസ്തുക്കള്‍, കളിപ്പാട്ടം, മാംസം, മത്സ്യം, മുട്ട, പാല്‍, സസ്യ എണ്ണ, സോപ്പ്, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളിലുമാണ് പുതുതായി സ്വദേശിവല്‍ക്കരണം നടപ്പാക്കുക.

ഇത്തരം വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ക്ക് സ്വദേശിവത്കരണം ബാധകമായിരിക്കും. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 70 ശതമാനവും സൗദി പൗരന്മാരായിരിക്കണം. തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്തുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. 

Follow Us:
Download App:
  • android
  • ios