ദമാം: സൗദിയിൽ ദന്ത ചികിത്സാ മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നു. മലയാളികളടക്കമുള്ള വിദേശികളെ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. സ്വദേശി ഡോക്ടർമാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായാണ് ദന്ത ചികിത്സാ മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കാൻ തൊഴിൽ - സാമൂഹ്യ വികസന മന്ത്രാലയം തയ്യാറെടുക്കുന്നത്.

ഈ മേഖലയിൽ സമ്പൂർണ സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള തീരുമാനം മന്ത്രാലയം ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. പുതിയ കണക്കുകൾ പ്രകാരം ഹെൽത്ത് സ്പെഷ്യാലിറ്റീസ് കമ്മീഷൻ ലൈസൻസുള്ള 5287 സ്വദേശി ഡോക്ടർമാരും 9729 വിദേശ ദന്ത ഡോക്ടർമാരും രാജ്യത്തുണ്ട്.

ദന്തൽ ഡോക്ടർമാരിൽ 25 ശതമാനത്തോളം മാത്രമാണ് സ്വദേശികൾ. എന്നാൽ വരും വർഷങ്ങളിൽ വിദേശ ഡോക്ടർമാരുടെ എണ്ണം 27.5 എന്ന തോതിൽ കുറയ്ക്കുന്നതിനാണ് സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റീസിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് ഈ മേഖലയിൽ സമ്പൂർണ സ്വദേശിവത്കരണത്തിന് മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നത്.