റിയാദ്: സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് സ്‌പെഷ്യലിസ്റ്റ് മേഖലയില്‍ 20,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ കണ്‍സള്‍ട്ടന്‍സിയുടെ സഹായം തേടാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ട പരിചയസമ്പത്തും ലൈസന്‍സുമുള്ള കണ്‍സള്‍ട്ടന്‍സിയെയാണ് നിയോഗിക്കുക. അടുത്ത വര്‍ഷം അവസാനത്തിന് മുമ്പായി സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

മാര്‍ക്കറ്റിങ് രംഗത്തെ തൊഴിലുകളില്‍ സ്വദേശികള്‍ക്ക് കുറഞ്ഞത് നാലായിരം റിയാല്‍ വേതനം ഉറപ്പാക്കും. സ്വകാര്യ മേഖലയില്‍ മാര്‍ക്കറ്റിങ് ജോലികള്‍ സൗദിവല്‍ക്കരിക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും മാനവശേഷി വികസന നിധിയും മാര്‍ക്കറ്റിങ് അസോസിയേഷനും ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. സ്വദേശികളായ യുവതീ യുവാക്കളെ പരിശീലനത്തിലൂടെ പ്രാപ്തരാക്കാനും ഈ മേഖലയില്‍ സ്വദേശികള്‍ക്ക് സുസ്ഥിര തൊഴിലുകള്‍ ലഭ്യമാക്കാനുമാണ് തീരുമാനം.

സ്വകാര്യ മേഖലയില്‍ മാര്‍ക്കറ്റിങ് ജോലികള്‍ സൗദിവല്‍ക്കരിക്കാന്‍ മൂന്ന് വകുപ്പുകളും സഹകരിച്ച് പ്രവര്‍ത്തിക്കും. വിദേശികള്‍ക്ക് പകരം സൗദി പൗരന്മാരെ നിയമിക്കുന്നതിനായി ഇവരുടെ കഴിവുകളും തൊഴില്‍ നൈപുണ്യവും പരിപോഷിപ്പിക്കും. മേഖലയിലെ മുന്‍ഗണന നല്‍കേണ്ട തൊഴിലുകള്‍ കണ്ടെത്തുന്നതിനും പരിശീലന പരിപാടികള്‍ തയ്യാറാക്കുന്നതിനും സംയുക്ത കര്‍മ്മ സമിതി രൂപീകരിക്കാന്‍ മൂന്നു വകുപ്പുകളും തീരുമാനമെടുത്തു.