റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ സ്കൂള്‍ ബസിന് തീപിടിച്ചു. വ്യാഴാഴ്ച വൈകുന്നേരം അസനിലായിരുന്നു സംഭവം. സംഭവ സമയത്ത് ബസില്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. റാസല്‍ഖൈമ പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ട്രാഫിക് പട്രോള്‍, ആംബുലന്‍സ്, പാരാമെഡിക്കല്‍ സംഘങ്ങളും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു.

സ്കൂള്‍ സമയം അവസാനിച്ച് കുട്ടികളെ കൊണ്ടുപോയ ബസ് തിരികെ വന്ന ശേഷമാണ് സ്കൂള്‍ ബസിന് തീപിടിച്ചത്. അഗ്നിശമന സേന സ്ഥലത്തെത്തി, തീ മറ്റിടങ്ങളിലേക്ക് പടരാതെ നിയന്ത്രിച്ചു. കുട്ടികള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അറിയിച്ചു.