കുവൈത്ത് സിറ്റി: പരീക്ഷകളില്‍ കോപ്പിയടിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ ചെവിയ്ക്കുള്ളില്‍ കുടുങ്ങിയതിന് പതിനഞ്ചോളം കുട്ടികള്‍ ശസ്ത്രക്രിയക്ക് വിധേയരായതായി കുവൈത്തിലെ ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. ചെവിയ്ക്കുള്ളില്‍ വെച്ചിരുന്ന വളരെ ചെറിയ ഉപകരണങ്ങള്‍ തിരികെ എടുക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്രയും കുട്ടികള്‍ വൈദ്യസഹായം തേടിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുവൈത്തിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഈ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലങ്ങള്‍ രണ്ട് ദിവസം മുമ്പ് പുറത്തുവരികയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള ചെറിയ ഉപകരണങ്ങള്‍ ചെവിയ്ക്കുള്ളില്‍ കുടുങ്ങിയതിന് നൂറോളം കുട്ടികള്‍ ചിതിത്സ തേടിയിട്ടുണ്ടെന്ന് 'അല്‍ ഖബസ്' റിപ്പോര്‍ട്ട് ചെയ്തു. പരീക്ഷകള്‍ക്ക് ശേഷം വിദ്യാര്‍ത്ഥികളില്‍ പലരും ഇവ സ്വന്തമായിത്തന്നെ ചെവിയില്‍ നിന്ന് പുറത്തെടുമ്പോള്‍ ചിലര്‍ക്ക് അതിന് കഴിയാതെ വരികയും സ്ഥിതി വഷളാവുമ്പോള്‍ ചികിത്സ തേടുകയുമാണ് ചെയ്യുന്നത്.

സൂക്ഷ്മ ഉപകരണങ്ങള്‍ ചെവിയ്ക്കുള്ളില്‍ കടത്തി വെയ്ക്കുന്നത് അള്‍സര്‍, ആഴത്തിലുള്ള മുറിവുകള്‍, രക്തസ്രാവം, ചെവിയിലെ അണുബാധ, കര്‍ണപടത്തിലെ ദ്വാരം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഓട്ടോറൈനോലാരിജ്യോയോളജി തലവന്‍ ഡോ. മുത്‍ലഖ് അല്‍ സൈഹാന്‍ പറഞ്ഞു.