ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന് വേഗത്തില്‍ വ്യാപിക്കാനും വീണ്ടും ജനിതക മാറ്റം സംഭവിക്കാനുമുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 

മനാമ: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സാന്നിദ്ധ്യം ബഹ്റൈനിലും സ്ഥിരീകരിച്ചു. ബുധനാഴ്‍ചയാണ് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഇതോടൊപ്പം വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനായി അധികൃതര്‍ രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന് വേഗത്തില്‍ വ്യാപിക്കാനും വീണ്ടും ജനിതക മാറ്റം സംഭവിക്കാനുമുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം രാജ്യത്തെ റസ്റ്റോറന്റുകളില്‍ ഉപഭോക്താക്കാള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ടാകില്ല. ഇതിന് പുറമെ സ്‍കൂളുകളെല്ലാം ഓണ്‍ലൈന്‍ പഠന രീതിയിലേക്കും മാറും. മൂന്ന് ആഴ്‍ചകളിലേക്കാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന ഞായറാഴ്‍ച മുതല്‍ ഇവ പ്രബല്യത്തില്‍ വരും.