Asianet News MalayalamAsianet News Malayalam

യുഎഇയില്‍ വീടുവിട്ടുപോയ ഇന്ത്യന്‍ ബാലനെ കണ്ടെത്താനായി തെരച്ചില്‍ ഊര്‍ജിതമാക്കി

രാജ്യത്ത് എവിടെയെങ്കിലും വെച്ച് മുഹമ്മദ് പര്‍വേസിനെ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ 911 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിക്കാന്‍ പൊലീസ് നടത്തുന്ന ശ്രമങ്ങളെ സഹായിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

search for missing 14 year-old Indian boy in UAE
Author
Sharjah - United Arab Emirates, First Published Jul 15, 2019, 4:31 PM IST

ഷാര്‍ജ: അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിപ്പോയ ഇന്ത്യന്‍ ബാലനെ കണ്ടെത്താന്‍ ഷാര്‍ജ പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് പര്‍വേസിനെയാണ് (14) ഷാര്‍ജ മുവൈലയിലുള്ള വീട്ടില്‍ നിന്ന് ഞായറാഴ്ച രാത്രി മുതല്‍ കാണാതായത്. രാത്രി ഏറെ വൈകിയും യുട്യൂബില്‍ വീഡിയോ കണ്ടുകൊണ്ടിരുന്ന മുഹമ്മദിനെ അമ്മ ശാസിച്ചിരുന്നു. ഇതിന് ശേഷമാണ് പുലര്‍ച്ചയോടെ കുട്ടിയെ കാണാതാവുന്നത്. ഡെല്‍റ്റ ഇംഗ്ലീഷ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ്.

സംഭവത്തില്‍ മുഹമ്മദിന്റെ പിതാവ് മുഹമ്മദ് അഫ്‍താബ് ആലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുടുംബം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും സഹായം തേടി. കുട്ടിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പൊതുജനങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തലേദിവസം രാത്രി ബന്ധുവിനൊപ്പം പള്ളിയില്‍ പോയ മുഹമ്മദ് അവിടെനിന്ന് രാത്രി 11 മണിയോടെയാണ് തിരിച്ചുവന്നത്. വീട്ടിലെത്തിയ ശേഷം രാത്രി ഒരു മണി വരെ മൊബൈല്‍ ഫോണില്‍ യുട്യൂബ് വീഡിയോകള്‍ കണ്ടുകൊണ്ടിരുന്നതിനെ തുടര്‍ന്ന് മുഹമ്മദിനെ അമ്മ ശാസിച്ചു. പുലര്‍ച്ചെ നാല് മണിക്ക് വീട്ടിലുള്ളവര്‍ ഉറക്കമുണര്‍ന്നപ്പോഴാണ് കുട്ടി വീട്ടിലില്ലെന്ന് തിരിച്ചറിഞ്ഞത്. മുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു.

ധരിച്ചിരുന്ന വസ്ത്രമല്ലാതെ വീട്ടില്‍ നിന്ന് മറ്റൊന്നും എടുത്തിട്ടില്ല. വസ്ത്രങ്ങളും പഴ്‍സും മൊബൈല്‍ ഫോണും മുറിയില്‍ തന്നെയുണ്ടായിരുന്നു. തിരിച്ചറിയല്‍ രേഖകളും കുട്ടിയുടെ കൈവശമില്ല. എന്നാല്‍ വീടിന് മുന്നിലുണ്ടായിരുന്ന സൈക്കിള്‍ എടുത്താണ് മുഹമ്മദ് പോയതെന്നാണ് പൊലീസിന്റെ അനുമാനം. മുഹമ്മദിന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് മൂന്ന് സഹോദരിമാരും മാതാപിതാക്കളുമടങ്ങിയ കുടുംബം. മകനെ ശാസിച്ച നിമിഷത്തെ പഴിച്ച് സമയം തള്ളിനീക്കുകയാണ് മുഹമ്മദിന്റെ അമ്മ.

അതേസമയം കുട്ടിയെ കാണിനില്ലെന്ന പരാതി ഇന്‍ഡസ്ട്രിയല്‍ സോണ്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ചതിന് പിന്നാലെ അന്വേഷണം തുടങ്ങിയതായി ഷാര്‍ജ പൊലീസ് അറിയിച്ചു. പള്ളികള്‍, സ്കൂളുകള്‍, പൊതുസ്ഥലങ്ങള്‍, ആശുപത്രികള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് തെരച്ചില്‍ നടത്തുകയാണ്. പൊലീസ് പട്രോള്‍ സംഘങ്ങള്‍ കുട്ടിയുടെ ചിത്രവുമായി വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു. കുട്ടിയുടെ വിവരങ്ങളും ചിത്രങ്ങളും ഉള്‍പ്പെട്ട സര്‍ക്കുലര്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അതിര്‍ത്തികളിലേക്കും എക്സിറ്റ് പോയിന്റുകളിലേക്കും കൈമാറിയിട്ടുണ്ട്.

രാജ്യത്ത് എവിടെയെങ്കിലും വെച്ച് മുഹമ്മദ് പര്‍വേസിനെ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ 911 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിക്കാന്‍ പൊലീസ് നടത്തുന്ന ശ്രമങ്ങളെ സഹായിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios