റിയാദ്: സൗദി അറേബ്യയില്‍ രണ്ടാമത്തെയാള്‍ക്കും കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇറാനില്‍നിന്ന് ബഹ്‌റൈന്‍ വഴി തിരിച്ചെത്തിയ സൗദി പൗരനാണ് പുതുതായി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈന്‍ വഴി എത്തിയ ഇദ്ദേഹം ഇറാന്‍ സന്ദര്‍ശിച്ച വിവരം വെളിപ്പെടുത്തിയിരുന്നില്ല.

കൊവിഡ് 19 ബാധിച്ച് ഇറാനില്‍ ഇതിനകം 92 പേര്‍ മരിച്ചിട്ടുണ്ട്. നേരത്തെ കിഴക്കന്‍ പ്രവിശ്യയില്‍ സ്ഥിരീകരിച്ച ആദ്യ കൊവിഡ് 19 ബാധിതനും ഇറാനില്‍നിന്ന് മടങ്ങിവന്ന സൗദി പൗരനായിരുന്നു. ആദ്യം കൊവിഡ് 19 ബാധിച്ചയാളോടൊപ്പം തന്നെയാണ് രണ്ടാമനും സൗദിയില്‍ പ്രവേശിച്ചത്. ആശപത്രിയില്‍ കഴിയുന്ന ആദ്യ രോഗിയുടെ ആരോഗ്യനില ഭദ്രമാണ്. കൊറോണ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഗള്‍ഫ് രാഷ്ട്രങ്ങള്‍ വഴി മടങ്ങുന്നവര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് 14 ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗം പടര്‍ന്നു പിടിച്ച രാജ്യങ്ങളില്‍ പോയി ഗള്‍ഫ് രാജ്യങ്ങള്‍ വഴി മടങ്ങുന്നവരെ തുടര്‍ച്ചയായി 14 ദിവസം അവിടെ താമസിച്ച് കൊറോണ ലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമെ സൗദിയില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ.