മസ്‍കത്ത്: ജനങ്ങളില്‍ ഒരു വിഭാഗം പേര്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാതെ ഉത്തരവാദിത്ത രഹിതമായി പെരുമാറുന്നത് കൊണ്ടാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വലിയ തോതില്‍ ഉയരുന്നതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുമ്പോഴും രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്.

രോഗികളുടെ എണ്ണം കുത്തനെ കൂടാന്‍ കാരണം ചിലര്‍ രഹസ്യമായി നടത്തുന്ന ഒത്തുചേരലുകളാണെന്ന് ആരോഗ്യ മന്ത്രാലയം കുറ്റപ്പെടുത്തി. കൊവിഡ് രോഗികളുടെ എണ്ണം കുറയ്ക്കണമെങ്കില്‍ ജനങ്ങള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹ്‍മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി പറഞ്ഞു. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് സ്വയം സംരക്ഷണം ഉറപ്പാക്കുകയെന്നത് സാമാന്യ ബോധമാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാര സ്ഥാപനങ്ങള്‍ തുറന്നത് കൊവിഡ് രോഗികളുടെ എണ്ണം കൂടാന്‍ കാരണമായതെന്ന തരത്തിലുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞ ആരോഗ്യ മന്ത്രി, ജനങ്ങള്‍ ഇപ്പോളും വീടുകളില്‍ വിവാഹവും ജന്മദിനവുമൊക്കെ ആഘോഷിക്കാന്‍ ഒത്തുചേരുകയാണെന്ന് കുറ്റപ്പെടുത്തി. അച്ചടക്കം പുലര്‍ത്താതെ സുരക്ഷ ഉറപ്പാക്കാനാവില്ല. ഇതിനായി  സുരക്ഷാ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.