ഫ്ലോറിഡ: ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ കാത്തിരുന്ന നെവിന്‍ മെറിന്റെ വാഹനം തടയുന്നത് മുതലുള്ള സംഭവങ്ങള്‍ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം. മെറിന്‍ ജോലി ചെയ്തിരുന്ന ബ്രൊവാഡ് ആശുപത്രി അധികൃതര്‍ ഈ ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. 45 മിനിറ്റുകളോളം ഇയാള്‍ മെറിനെ കാത്തിരുന്നതായാണ് ദൃശ്യങ്ങളില്‍ നിന്ന് മനസിലാവുന്നത്.

പ്രദേശിക സമയം വൈകുന്നേരം 6.45ഓടെയാണ് നെവിന്‍ ആശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്ത് എത്തിയത്. 7.30നാണ് ജോലി കഴിഞ്ഞ് മെറിന്‍ ആശുപത്രിയില്‍ നിന്ന് പുറത്തുവന്നത്. മെറിന്റെ കാറിന് കുറുകെ തന്റെ കാര്‍ നിര്‍ത്തിയാണ് നെവിന്‍ തടഞ്ഞത്. ശേഷം കാറില്‍ നിന്ന് പുറത്തിറങ്ങി മെറിന്റെ വാഹനത്തിനടുത്ത് ചെന്ന് കാറില്‍ നിന്ന് വലിച്ച് പുറത്തിറക്കി. മെറിനെ പാര്‍ക്കിങ് സ്ഥലത്ത് വലിച്ചിഴയ്ക്കുന്നതും പല തവണ കുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

നിലവിളി കേട്ടെത്തിയ ഒരു ആശുപത്രി ജീവനക്കാരന്‍ നെവിനെ തടയാന്‍ ശ്രമിച്ചുവെങ്കിലും കത്തി വീശി ഇയാളെ ഓടിച്ചു. മാരകമായി കുത്തി മുറിവേല്‍പ്പിച്ച ശേഷം തന്റെ കാറില്‍ കയറിയ നെവിന്‍ അവിടെ നിന്ന് രക്ഷപെടും മുമ്പ് മെറിന്റെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. സംഭവ സ്ഥലത്ത് ഓടിയെത്തിയ ആശുപത്രി ജീവനക്കാരന്‍ നെവിന്റെ കാറിന്റെ ചിത്രം പകര്‍ത്തിയിരുന്നു. ഇത് പിന്നീട് പൊലീസിന് കൈമാറുകയും ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നനിടെ ആംബുലന്‍സില്‍ വെച്ചും തന്നെ കുത്തിയത് നെവിന്‍ എന്ന ഫിലിപ് മാത്യുവാണെന്ന് മെറിന്‍ പറഞ്ഞിരുന്നു.

എംബാം ചെയ്യാൻ സാധിക്കാത്തതിനാല്‍ മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ലെന്ന് കഴിഞ്ഞ ദിവസം ബന്ധുക്കള്‍ അറിയിച്ചിരുന്നു.  അടുത്ത ശനിയാഴ്ച അമേരിക്കയില്‍ തന്നെ മൃതദേഹം സംസ്കരിക്കും.