കുവൈത്ത്: ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നൽകുന്ന ഏഴ് ആന്ധ്രാപ്രദേശ് സ്വദേശികൾ കുവൈറ്റിൽ പിടിയിൽ. വ്യാജ സർട്ടിഫിക്കറ്റുകളും രേഖകളും തയ്യാറാക്കി അറ്റസ്റ്റ് ചെയ്ത് നൽകുന്ന സംഘത്തെ എംബസിയുടെ സമീപത്തുനിന്നാണ് കുവൈറ്റ് കുറ്റാന്വേഷണ വിഭാ​ഗം പിടികൂടിയത്.

സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നതിനിടയിലാണ് സംഘത്തിലുള്ളൊരു പ്രതിയെ പൊലീസ് പിടികൂ‍ടിയത്. പിന്നീട് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംഘത്തിലെ ബാക്കി ആറുപേരെയും പൊലീസ് പിടികൂടിയത്. ഇവരുടെ കയ്യിൽനിന്ന് ഇന്ത്യൻ എംബസിയുടെ വ്യാജ സീലും കുവൈറ്റ് വിദേശകാര്യ മന്ത്രാലയത്തിന്റെ വ്യാജ സീലും പ്രിന്ററും കണ്ടെടുത്തിട്ടുണ്ട്. ഇതുകൂടാതെ, പണം, സ്വർ‌ണ്ണം, ആഡംബര വാച്ചുകൾ എന്നിവയും പ്രതികളുടെ പക്കൽ‌നിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഡ്രൈവിങ് ലൈസൻസ് ഉൾപ്പടെയുള്ളവയാണ് സംഘം തയ്യാറാക്കി നൽകുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ ആവശ്യക്കാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. വാട്സ്ആപ്പ് കേന്ദ്രീകരിച്ചാണ് പ്രതികൾ പ്രവർത്തിക്കുന്നത്. സർട്ടിഫിക്കറ്റ് ആവശ്യമുള്ളവരെ വാട്സ്ആപ്പ് വഴിയാണ് ബന്ധപ്പെടുന്നത്. വ്യാജ സർട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി നൽകുക വഴി മാസം അമ്പതിനായിരത്തിലധികം രൂപയാണ് സംഘം സമ്പാദിക്കുന്നത്. പ്രതികളിൽനിന്ന് പിടികൂടിയ സർട്ടിഫിക്കറ്റുകൾ കുവൈറ്റിലെ അധികൃതർ പരിശോധിച്ച് വരുകയാണ്.