Asianet News MalayalamAsianet News Malayalam

മടങ്ങിയെത്തിയ പ്രവാസികളില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക്

ഇന്ന് രോഗം സ്ഥിരീകരിച്ച പ്രവാസികളില്‍ മൂന്ന് പേര്‍ മലപ്പുറം സ്വദേശികളാണ്. കോഴിക്കോട്, കണ്ണൂര്‍, പത്തനംതിട്ട, പാലക്കാട്
എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. 

seven expatriates tested covid postive in kerala today
Author
Thiruvananthapuram, First Published May 14, 2020, 8:49 PM IST

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് മടങ്ങിയെത്തിയ ഏഴ് പേര്‍ക്ക് ഇന്ന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുറത്തുനിന്നെത്തിയ 39 പേര്‍ക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 21 പേരും വിദേശത്ത് നിന്നെത്തിയ പ്രവാസികളാണ്. 124 മലയാളികൾ ഇതുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് മരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ച പ്രവാസികളില്‍ മൂന്ന് പേര്‍ മലപ്പുറം സ്വദേശികളാണ്. കോഴിക്കോട്, കണ്ണൂര്‍, പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. മലപ്പുറം തൃപ്രങ്ങോട് ആനപ്പടി സ്വദേശിയായ 27കാരനാണ് മലപ്പുറം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച ഒരാള്‍.  അബുദാബിയിൽ നിന്ന് മേയ് ഏഴിന് കൊച്ചിയിലെത്തിയ അദ്ദേഹം ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതേ ദിവസം തന്നെ ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ മുന്നിയൂർ വെളിമുക്ക് സൗത്ത് സ്വദേശിയായ 44 വയസുകാരനും ഇന്ന് രോഗം സ്ഥിരീകരിച്ച്  മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

മഞ്ചേരി ചെരണി സ്വദേശിയായ 60കാരനാണ് മലപ്പുറം ജില്ലയില്‍ നിന്ന് കൊവിഡ് സ്ഥിരീകരിച്ച മറ്റൊരു പ്രവാസി. ദുബായിൽ നിന്ന് മെയ് 12ന് കണ്ണൂരിലെത്തിയ ഇദ്ദേഹവും മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ച കോഴിക്കോട് നരിപ്പറ്റ സ്വദേശിയായ 30കാരി ഏഴാം തീയതി ദുബായില്‍ നിന്നെത്തിയ സംഘത്തിലുണ്ടായിരുന്നയാളാണ്.

കണ്ണൂരിൽ ഇന്ന് രോഗം സ്ഥിരീകരിച്ചതും  ചൊവ്വാഴ്ച ദുബായിൽ നിന്നെത്തിയ കടമ്പൂർ സ്വദേശിക്കാണ്. അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിലാണ് ഇവര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. രോഗലക്ഷണങ്ങളെ തുടർന്ന് വന്ന ദിവസം തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പത്തനംതിട്ടയിൽ കൊവിഡ് സ്ഥിരീകരിച്ചത് കുവൈത്തില്‍ നിന്ന് ഒന്‍പതാം തീയ്യതി എത്തിയ 26 കാരിക്കാണ്. തിരുവല്ല കടപ്ര സ്വദേശിനിയായ ഇവര്‍ ഗർഭിണി ആയിരുന്നു. ഇന്ന് പ്രസവിച്ചു. കുഞ്ഞിന്റെ സാമ്പിള്‍ പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചതും ദമ്മാമില്‍ നിന്ന് 12-ാം തീയ്യതി കൊച്ചിയിലെത്തിയ 35 വയസുകാരനാണ്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അന്ന് തന്നെ ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios