അബുദാബി: വംശീയവും മതപരവും സാംസ്‍കാരിവുമായ വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രവൃത്തികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. ഇത്തരം സന്ദേശങ്ങള്‍ തയ്യാറാക്കുന്നവരും  അത് പ്രചരിപ്പിക്കുന്നരും, വിദ്വേഷവും വിവേചനവും തടയാനുള്ള 2015ലെ ഫെഡറല്‍ നിയമം 2 പ്രകാരം ശിക്ഷാര്‍ഹരാണ്. നിയമ ബോധവത്കരണം ലക്ഷ്യമിട്ട് തയ്യാറാക്കിയ പ്രത്യേക വീഡിയോയും അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

വിദ്വേഷം ജനിപ്പിക്കുന്ന രേഖകള്‍, പ്രസിദ്ധീകരണങ്ങള്‍, റെക്കോഡിങുകള്‍ എന്നിവ കൈവശം വെയ്‍ക്കുന്നതും പ്രചരിപ്പിക്കുന്നതും ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷയും 50,000 ദിര്‍ഹം മുതല്‍ രണ്ട് ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. മതങ്ങളെ അധിക്ഷേപിക്കുന്നതോ വിവേചനപരമായതോ വിദ്വേഷ പ്രചരണങ്ങള്‍ ഉള്‍ക്കൊള്ളുന്നതോ ആയ  രേഖകള്‍, പ്രസിദ്ധീകരണങ്ങള്‍, റെക്കോഡുകള്‍, സിനിമകള്‍, ടേപ്പുകള്‍, ഡിസ്‍കുകള്‍, സോഫ്റ്റ്‍വെയറുകള്‍, സ്‍മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ തുടങ്ങിയവയെല്ലാം നിയമത്തിന്റെ പരിധിയില്‍ വരും. ഇവ ശേഖരിക്കുക, തയ്യാറാക്കുക, ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയോ ജനങ്ങളിലേക്ക് എത്തിക്കണമെന്ന ഉദ്ദേശത്തോടെ മറ്റ് പ്രവൃത്തികള്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കും ശിക്ഷ ലഭിക്കും.

മറ്റൊരാളില്‍ നിന്ന് ഇത്തരം വസ്‍തുക്കള്‍ ശേഖരിക്കുതും കൈവശം വെയ്ക്കുന്നതും റെക്കോര്‍ഡ് ചെയ്തോ മറ്റോ സൂക്ഷിക്കുന്നതുമൊക്കെ യുഎഇയില്‍ കുറ്റകരമാണ്. സാംസ്‍കാരിക സഹിഷ്‍ണുതയുടെ സംസ്‍കാരമാണ് യുഎഇയുടേതെന്നും അതിനെതിരായ എല്ലാ വിവേചനങ്ങളും തടയുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.